ഫറോക്ക്: മാലിന്യം നിറഞ്ഞും കാട് കയറിയും ഫറോക്ക് നഗരത്തിന്റെ ഹൃദയഭാഗം നാശത്തിന്റെ വക്കിൽ. ഫറോക്ക് ബസ് സ്റ്റാൻഡിനുമുന്നിൽ പോസ്റ്റ് ഓഫീസിനും സെദീർ ആർക്കേഡ് ബിൽഡിംഗിനും ഇടയ്ക്കുള്ള 25 സെന്റോളമുള്ള സ്ഥലമാണ് പൊന്തക്കാട് വളർന്നും മാലിന്യങ്ങൾ നിറഞ്ഞും നശിക്കുന്നത്.കച്ചവട സ്ഥാപനങ്ങളിൽ നിന്നു വലിച്ചെറിയുന്ന മാലിന്യങ്ങളാണ് ഇവിടെ നിറഞ്ഞു കിടക്കുന്നത്. ഈ സ്ഥലത്തിന്റെ ഒരു ഭാഗം പോസ്റ്റ് ഓഫീസ് കെട്ടിടമാണ്. മറ്റൊരു ഭാഗം സെദീർ ബിൽഡിംഗും പിന്നിൽ ടൗൺ മസ്ജിദുമാണ്. രണ്ടു സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. മുമ്പിവിടെ കനറാ ബാങ്ക് പ്രവർത്തിച്ചിരുന്നു. പിന്നീട് ആ കെട്ടിടം പൊളിച്ചു മാറ്റി.
നഗരഹൃദയത്തിലെ പൊന്തക്കാട് വ്യാപാരികൾക്കും സമീപവാസികൾക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. വിഷപ്പാമ്പുകളുടെയും ക്ഷുദ്ര ജീവികളുടെയും താവളമാണിത്. ഫറോക്ക് നഗരസഭയ്ക്ക് സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി ലഭിച്ചിരുന്നു. അതിന് അപമാനമാനകരമായ നിലയിലാണ് നഗരമദ്ധ്യത്തിൽ പൊന്തക്കാട് വളർന്നും മാലിന്യം നിറഞ്ഞും കിടക്കുന്നത്. ഇഴജന്തുക്കൾ വരുന്നതിനാൽ പോസ്റ്റ് ഓഫീസ് ജീവനക്കാർക്കും കൊടുങ്കാട് ഭീഷണിയാണ്.നഗരമദ്ധ്യത്തിലെ പൊന്തക്കാട് വെട്ടിമാറ്റി സ്ഥലം ശുചിയാക്കാൻ നഗരസഭയുടെ ആരോഗ്യ വിഭാഗം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.