മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിൽ തിരുവമ്പാടി നിയോജകമണ്ഡലം പരിധിയിലെ ഓമശ്ശേരി -എരഞ്ഞിമാവ് റീച്ചിന്റെ നവീകരണ പ്രവൃത്തി മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും നിർദേശം നൽകിയതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. റോഡുവൃത്തിയുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിശോധിച്ചു. നെല്ലിക്കാപറമ്പ് എയർപോർട്ട് റോഡ്,സർക്കാർപറമ്പ് റോഡിന് സമീപം,നോർത്ത് കാരശ്ശേരി എന്നിവിടങ്ങളിൽ വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് അനുസൃതമായി ഡ്രെയിനേജുകൾ സ്ഥാപിക്കും. മുക്കം കല്ലൂർഅമ്പലംറോഡ്,അഗസ്ത്യൻമുഴി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കലക്ഷൻ ചേമ്പർ,ബോക്‌സ് കൾവെർട്ട് എന്നിവ സ്ഥാപിക്കും.പ്രധാന അങ്ങാടികളിൽ ആവശ്യത്തിന് ലൈറ്റുകൾ സ്ഥാപിക്കും.ബസ് ഷെൽട്ടറുകൾ സ്ഥല ലഭ്യതക്കനുസരിച്ച് റോഡിന്റെ വശത്തേക്ക് മാറ്റി സ്ഥാപിക്കും. കൾവർട്ട് എക്സ്റ്റൻഷനുകൾ പൂർത്തിയാക്കും. കെ.എസ്.ടി.പി ഉദ്യോഗസ്ഥരുംകരാർ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിനു ശേഷമാണ് എം. എൽ. എ. ഇക്കാര്യംഅറിയിച്ചത്.