news
കാട്ട് പന്നികൾ കിളച്ച് മറിച്ച കൃഷിയിടങ്ങളിൽ കർഷകർ.

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഊരത്ത് പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷം. വാഴ, മരച്ചീനി, ചേന, തുടങ്ങിയ വിളകളാണ് ഒറ്റയ്ക്കും കൂട്ടമായും കാട്ടുപന്നികൾ നശിപ്പിക്കുന്നത്. പുതിയോട്ടിൽ നാണുവിന്റെ കപ്പ, മഞ്ഞൾ ചേമ്പ്, ഉലേത്തുങ്കൽ സുരേന്ദ്രന്റെ മഞ്ഞൾ, പൊതുകുനിയിൽ അബ്ദുൾ സലാമിന്റെ വാഴകൾ ഉൾപ്പെടെയുള്ള മറ്റ് കൃഷികളും കഴിഞ്ഞ ദിവസങ്ങളിൽ പന്നികൾ അലങ്കോലപെടുത്തി. രാത്രിയിൽ മാത്രമായിരുന്നു പന്നികളുടെ അക്രമണം എന്നാൽ ഇപ്പോൾ പകലും വൈകീട്ടും പന്നികൾ കൃഷിയിടങ്ങളിൽ നിലയുറപ്പിക്കുന്ന അവസ്ഥയാണ്. ഇതോടെ ജനങ്ങൾ പന്നികളുടെ അക്രമണ ഭീതിയിലാണ്. ഊരത്ത് പ്രദേശത്തെ തെന്നാരം പൊയിൽ, നൊട്ടിക്കണ്ടി, പുതിയോട്ടിൽ ഭാഗങ്ങളിലെ കർഷകരാണ് പന്നി ശല്യം മൂലം ഏറെ ദുരിതത്തിലായിരിക്കുന്നത്. കാലങ്ങളായി നെൽകൃഷി ചെയ്തുവരുന്ന വയലുകളിലെ വരമ്പുകൾ പോലും പന്നികൾ കിളച്ചുമറിച്ചിരിക്കുകയാണ്. പന്നി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമന്നാണ് നാട്ടുകാരുടെ ആവശ്യം. പന്നിയെ തുരത്താൻ സംവിധാനങ്ങൾ ഉണ്ടെങ്കിലും

നാളിതുവരെ താഴെ തട്ടിലുള്ളവർക്ക് യാതൊരു സഹായവും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തും കാലാവസ്ഥയെ അതിജീവിച്ചുമാണ് കർഷകർ കൃഷിയിലേക്ക് ഇറങ്ങുന്നത് പക്ഷേ ബന്ധപെട്ടവരുടെ ഭാഗത്ത് നിന്ന് ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നത് പരിമിതമാണെന്നാണ് കർഷകരുടെ അഭിപ്രായം.