പേരാമ്പ്ര : ഇന്ധനവില വർധനവിന് പിന്നാലെ വൈദ്യുതി ചാർജും കൂട്ടിയത് ഗ്രാമീണ മേഖലയിലെ തൊഴിൽ സംരംഭകർക്ക് തിരിച്ചടിയാകുന്നു. പരമ്പരാഗത കുടിൽസംരംഭങ്ങൾ, ഇരുമ്പുപകരണ നിർമാണം, കലം നിർമ്മാണം, മരപ്പണി,ശില്പ നിർമ്മാണം, കളിപ്പാട്ട നിർമ്മാണം തുടങ്ങിയ നിരവധി മേഖലകളാണ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. ക്രമാതീതമായ വിലക്കയറ്റം മൂലം ഇവയിൽ മിക്കതും അടച്ചുപൂട്ടൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതോടെ ഇവയെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങൾ പട്ടിണിയിലുമായി.
ഇരുമ്പിന്റെയും , കരിയുടെയും വിലവർധനവു മൂലം പ്രതിസന്ധിയിലായ കൊല്ലപ്പണിക്കാർക്ക് വൈദ്യുതി ചാർജ് വർദ്ധനവ് കനത്ത തിരിച്ചടിയാണ്. മിക്ക പണി ആലകളും വൈദ്യുതീകരിച്ചതോടെ ഇരുമ്പ് പഴുപ്പിക്കാനാവശ്യമായ കറന്റ് ബ്ലോവർ, ഗ്രൈന്റിംഗ് മെഷിൻ മുതലായവ ഉപയോഗിക്കുന്നുണ്ട്. വില കുറഞ്ഞ വൻകിട കമ്പനി ഉൽപ്പന്നങ്ങങ്ങളുടെ വിപണിയിലെ തള്ളിക്കയറ്റം മൂലം ഒട്ടുമിക്ക പണി ആലകളും പിടിച്ചു നിൽക്കാനാവാതെ മറ്റു തൊഴിൽ മേഖല തേടിപ്പോവുകയാണ്. പുതുതലമുറ ഈ തൊഴിലിലേക്ക് കടന്നുവരാത്തതും തൊഴിൽ ശാലകൾ പൂട്ടാൻ കാരണമായിട്ടുണ്ട്. തൊഴിൽ നിലനിർത്താൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
വർദ്ധിപ്പിച്ച വൈദ്യുതി ചാർജിൽ നിന്നും തങ്ങളുടെ പണിയാലകളെ പൂർണമായും ഒഴിവാക്കണം. അവശ്യ സേവന മേഖലയിലുൾപ്പെടുത്തി മതിയായ സാമ്പത്തിക സഹായങ്ങൾ അനുവദിക്കുകയും ആധുനിക തൊഴിലുപകരണങ്ങളിൽ പരിശീലനം നൽകി തൊഴിൽനിലനിർത്താൻ പദ്ധതി സർക്കാർ ആവിഷ്കരിക്കണം''- എം.പി. പ്രകാശൻ, കൊല്ലപ്പണിക്കാരൻ