കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി ബേപ്പൂരിൽ സംഘടിപ്പിക്കുന്ന ബഷീർ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പുകൾ സഹകരിച്ച് ബേപ്പൂർ കേന്ദ്രീകരിച്ചു നാലു ദിവസങ്ങളിലായി വിപുലമായ ആഘോഷങ്ങളാണ് നടക്കുക. ബഷീറിന്റെ വീട്ടിലും പരിസരത്തുമായി വൈവിദ്ധ്യമാർന്ന സാഹിത്യ സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ബഷീർ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഇന്ന് വൈകിട്ട് 5.30ന് ബേപ്പൂർ ഹൈസ്‌കൂളിൽ നടക്കും. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുൻ സാംസ്‌കാരിക മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, അപ്പുണ്ണി ശശി, പി.കെ.പാറക്കടവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
# ഫെസ്റ്റിൽ ഇന്ന്
രാവിലെ 9.30 ന് നടക്കുന്ന ബഷീർ ക്യാൻവാസ് ചിത്രരചന ചിത്രകാരൻ സുനിൽ അശോകപുരം ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടെ പ്രശസ്ത ചിത്രകാരന്മാർ ബഷീർ കഥാപാത്രങ്ങളെ ക്യാൻവസിൽ പകർത്തും. ബഷീർ ഫോട്ടോ പ്രദർശനം ഉച്ചയ്ക്ക് 12.30 ന് മുൻ എം.എൽ.എ എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത ബേപ്പൂർ സുൽത്താന്റെ ജീവിതചിത്രങ്ങളാകും ഇവിടെ പ്രദർശിപ്പിക്കുക.
ഭക്ഷ്യപ്രിയരായ കോഴിക്കോട്ടുകാർക്കായി നടത്തുന്ന ഭക്ഷ്യമേള ബേപ്പൂർ ഹൈസ്‌കൂൾ പരിസരത്തു വൈകിട്ട് നാല് മണിക്ക് ഡെപ്യൂട്ടി മേയർ സി. പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടെ ഹോട്ടലുകളും, വീട്ടമ്മമാരും ചേർന്നൊരുക്കുന്ന നാടൻ ഭക്ഷ്യമേളയിൽ ഇരുപത്തിനാലോളം സ്റ്റാളുകളിലായി രുചികരമായ വിഭവങ്ങൾ അണിനിരക്കും. തനതു മലബാർ വിഭവങ്ങളോടൊപ്പം ബേപ്പൂർ സ്‌പെഷ്യൽ മത്സ്യവിഭവങ്ങളും ഇവിടെയൊരുങ്ങും. കുടുംബശ്രീയുടെയും ഉത്തരവാദിത്വ ടൂറിസത്തിന്റെയും ഒപ്പം പ്രദേശത്തെ ചെറുകിട സംരംഭകരുടെയും നേതൃത്വത്തിൽ ഭക്ഷ്യവിഭവങ്ങൾ വിപണനം നടത്തുന്ന സ്റ്റാളുകളും മേളയിൽ പ്രവർത്തിക്കും.
വൈകിട്ട് 4.30 ന് മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ മാജിക് ഷോ അരങ്ങേറും. 'അദ്ഭുതങ്ങളുടെ സുൽത്താൻ' എന്ന പരിപാടി വൈക്കം മുഹമ്മദ് ബഷീറിനുള്ള മാന്ത്രിക സമർപ്പണം തന്നെയാകും. വൈകിട്ട് 6.30 ന് രാജശ്രീയുടെ നേതൃത്വത്തിൽ പൂതപ്പാട്ടും ശേഷം സമീർ ബിൻസിയും സംഘവും അവതരിപ്പിക്കുന്ന ഖവാലിയും അരങ്ങേറും
ചിത്രരചനാ മത്സരം നാളെ
കോഴിക്കോട്: വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികത്തിൽ സംഘടിപ്പിക്കുന്ന ബഷീർ ഫെസ്റ്റിന്റെ ഭാഗമായുള്ള ചിത്രരചനാ മത്സരം നാളെ രാവിലെ 9.30ന് ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള മത്സരത്തിൽ മൂന്നു മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. അഞ്ചു വിഭാഗങ്ങളായി തിരിച്ചാണ് സമ്മാനങ്ങൾ നൽകുക. വരയ്ക്കുന്നതിനുള്ള പേപ്പർ സംഘാടകർ നൽകും. രജിസ്‌ട്രേഷൻ നേരത്തെ ആരംഭിക്കും. മത്സരം 10 മണിക്കാരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും 9447166543.