പയ്യോളി: പയ്യോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം ഒലിച്ച് ഇല്ലാത്താവുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ദേശീയപാതാ വികസനത്തിന്റെ മറവിൽ ഇവിടുത്തെ ചുറ്റുമതിൽ പൊളിച്ച് വിറ്റതോടെയാണ് മൈതാനത്തിന്റെ നാശവും തുടങ്ങിയത്. പെരുമാൾപുരം ശിവക്ഷേത്ര സമിതിയും സ്കൂളും തമ്മിൽ അവകാശ തർക്കവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി തർക്കത്തിലും കേസിലുമാണ് ഭൂമി. എങ്കിലും, കളിക്കും, ഡ്രൈവിംഗ് പഠനത്തിനും, പയ്യോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും,
പ്രഭാത - സായാഹ്ന നടത്തത്തിനുമായി ആയിരങ്ങളാണ് മൈതാനമുപയോഗിക്കുന്നത്.
ഏകദേശം, മൈതാനത്തിന്റെ പകുതിയോളം ഭാഗത്തെ മണ്ണ് ഒലിച്ച് റോഡിലെത്തിയിട്ടുണ്ട്. ഇതിനിടയിൽ പൗരാണികമായ ശേഷിപ്പുകളും ഒലിച്ചുപോകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. നിലവിൽ മൈതാനത്തിന്റെ പകുതിയിലുള്ള പുരാതനമായ തറയുടെ ഭാഗം മണ്ണൊലിച്ച് പുറത്തേക്ക് വന്നിട്ടുണ്ട്. ഇതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്. നേരത്തേ, പല തവണ ആർക്കിയോളജിക്കൽ വകുപ്പിന്റെ നേതൃത്വത്തിൽ ഖനനം നടന്നിട്ടുണ്ട്. ചരിത്ര ശേഷിപ്പുകൾ ശേഖരിച്ചിട്ടുമുണ്ട്. മണ്ണൊലിച്ച് ദേശീയപാതയോരത്തേക്കാണ് ഒഴുകിയെത്തുന്നത്. ഇത് മറ്റൊരു അഴിമതിക്ക് കളമൊരുക്കുമെന്നാണ് ആരോപണം. ദേശീയപാതാ വികസനത്തിന്റെ മറവിൽ മണൽ കടത്തുന്നവർക്ക് ചാകരയാവും.
താത്കാലിക പരിഹാരവുമായി കായികപ്രേമികൾ ഒത്തുകൂടി
ഇതിനിടെ മണ്ണൊലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചില അദ്ധ്യാപകരടക്കമുള്ള നാട്ടുകാർ
ചാക്കിൽ പൂഴി നിറച്ചും, മരക്കഷ്ണങ്ങൾ കൊണ്ടിട്ടും താത്കാലിക തടയണ ഉണ്ടാക്കിയത്.
താത്കാലികമായി ഒഴുക്ക് തടഞ്ഞെങ്കിലും ഫലപ്രദമായില്ല. മൈതാനത്തിന് പടിഞ്ഞാറ് ഭാഗത്ത് പകുതിയോളം ഭാഗത്ത് മണ്ണൊലിച്ച് നിരവധി വിള്ളലുകൾ രൂപപ്പെട്ടിരിക്കുകയാണ്. മണ്ണൊലിപ്പ് രൂക്ഷമായി തുടരുമ്പോഴും അധികൃതരിൽ നിന്ന് യാതൊരു നടപടിയുമില്ലാത്തത് നാട്ടുകാരെ അമ്പരപ്പിക്കുകയാണ്.