മുക്കം: റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെ കേസിൽ ഉൾപ്പെട്ട പ്രാദേശിക നേതാവിനെ ബി.ജെ.പി പുറത്താക്കി. വല്ലത്തായ് പാറ മണ്ണാറകണ്ടിയിൽ എം.കെ.ഷിജുവിനെയാണ് മുക്കം മണ്ഡലം കോർ കമ്മിറ്റിയുടെ നിർദേശ പ്രകാരം പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോഴിക്കോടു ജില്ല പ്രസിഡന്റ് അഡ്വ.വി.കെ.സജീ വൻ അറിയിച്ചത്. ഷിജുവിനു പുറമെ എടപ്പാൾ സ്വദേശി അശ്വതി വാര്യരുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്ക് ഇരുവർക്കുമെതിരെ പരാതിയുണ്ട്. റെയിൽവെ ഉദ്യോഗസ്ഥ ചമഞ്ഞാണ് അശ്വതി വാര്യർ തട്ടിപ്പിന് നേതൃത്വം നൽകിയത്. എസ്.സി.മോർച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന എം.കെ.ഷിജു ആയിരുന്നു പ്രധാന ഇടനിലക്കാരൻ.ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസിന്റെ ഫോട്ടോ പോലും ഇവർ തട്ടിപ്പിന് ഉപയോഗിച്ചു. കേസന്വേഷണം ഊർജിതമായതോടെ പരാതിക്കാരെ സ്വാധീനിച്ചും സമ്മർദ്ദത്തിലാക്കിയും പരാതി പിൻവലിപ്പിക്കാനുള്ള നീക്കവും ശക്തമായിട്ടുണ്ട്.