വടകര: നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ മത്സ്യബന്ധന മേഖലയോട് കാണിച്ചത് വലിയ അവഗണനയാണെന്ന് മത്സ്യബന്ധന വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ പി.വി ഹാഷിം പറഞ്ഞു.
മത്സ്യബന്ധന മേഖലയിൽ നിന്നുമുള്ള നിർദ്ദേശങ്ങളെല്ലാം വെട്ടിമാറ്റി പദ്ധതിയിൽ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന-പശ്ചാത്തല വികസനത്തിന് നിർബന്ധമായും നീക്കിവെക്കേണ്ട തുകയിലും കത്തിവെച്ച നഗരസഭ ചെയർപേഴ്സന്റെ നടപടി നഗരസഭയിലെ തീരദേശ വാർഡുകളോടുള്ള അവഗണനയാണ്. മത്സ്യസഭ, വികസന സെമിനാർ, വാർഷിക പദ്ധതി രൂപീകരണ യോഗത്തിൽ ഉയർന്ന് വന്ന കരട് നിർദേശങ്ങൾ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണ്. തുടർന്ന് ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്നും നഗരസഭ കൗൺസിലർ പി.വി ഹാഷിം ചെയർപെഴ്സന് രാജി നൽകി. പ്രശ്നങ്ങൾ പരിഹരിക്കാതെ പോകുകയാണെങ്കിൽ ബഹുജനങ്ങളുമായി ചേർന്ന് ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി 8 ന് താഴെപള്ളി ഭാഗം ജെബി സ്കൂളിൽ കൺവെൻഷൻ വിളിച്ചു കൂട്ടുമെന്നും പി.വി ഹാഷിം പറഞ്ഞു.