വടകര: താലൂക്കിൽ പച്ചത്തേങ്ങ സംഭരണം നടത്തുന്നത് ചർച്ച ചെയ്യാൻ തഹസിൽദാരുടെ നേതൃത്വത്തിൽ കൃഷി, സഹകരണ വകുപ്പു മേധാവികളുടെ യോഗം വിളിച്ചു ചേർക്കാൻ താലൂക്ക് വികസ സമിതി യോഗം തീരുമാനിച്ചു. റവന്യു വെബ് സൈറ്റിന്റെ തകരാറ് മൂലം നികുതി അടക്കാനും മറ്റ് തുടർ നടപടിക്കായി എത്തിയവർ നിരാശരായി മടങ്ങുന്ന സാഹചര്യമാണ്. പ്രശ്നങ്ങൾ ജില്ലാ ഭരണ കൂടത്തിന്റെ ശ്രദ്ധയിൽ പെടുത്താനും യോഗം തീരുമാനിച്ചു. കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ അപകടം നേരിട്ടാൽ ചോമ്പാൽ തുറമുഖം കേന്ദീകരിച്ച് ഒരു രക്ഷാ പ്രവർത്തന കേന്ദ്രം ആരംഭിക്കണ മെന്ന് സമിതി അംഗം പി.പി. രാജനും നഗരത്തിലെ തെരുവ് നായക്കളുടെ ശല്യം അവസാനിപ്പിക്കണമെന്നും സമിതി അംഗം പി.പി കരീമും ഉന്നയിച്ചു. നീർത്തടം നികത്തുന്നതുമായി ബന്ധപെട്ട് കർശന നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ കെ.കെ പ്രസീത് കുമാർ പറഞ്ഞു. യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ ,സമിതി അംഗങ്ങളായ പി. സുരേഷ് ബാബു, പ്രദീപ് ചോമ്പാല , സി.കെ. കരീം, ടി.വി. ഗംഗാധരൻ, പി.പി. രാജൻ , ബാബു പറമ്പത്ത് , പി.പി. അബ്ദുള്ള, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.