കുറ്റ്യാടി: ഓവുചാലിനു മുകളിൽ സ്ലാബ് ഇടാത്തത് അപകടത്തിനു കാരണമാകുന്നു. തൊട്ടിൽ പാലം, വയനാട് സംസ്ഥാന പാതയിൽ കുറ്റ്യാടി ടൗണിനോട് ചേർന്ന് സ്വകാര്യ ആശുപത്രിക്ക് എതിർവശത്തെ ഓവ്ചാൽ സ്ലാബിട്ട് മൂടാത്തതാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറുന്നത്. ഇരുപത് മീറ്ററോളം നീളത്തിൽ ഓവു ചാലിന് മുകൾ വശത്തെ സിമന്റ് പാളികൾ ഇല്ലാത്ത അവസ്ഥയാണ്. മാത്രമല്ല ഓവ് ചാലിനുള്ളിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതിനാൽ മഴപെയ്യുമ്പോൾ വെള്ളം ഓവുചാലിലൂടെ ഒഴുകുന്നതിനു പകരം റോഡിലൂടെ തന്നെ ഒഴുകുകയാണു ചെയ്യുന്നത്. ഇത് റോഡിൽ കനത്ത വെള്ളക്കെട്ടിന് കാരണമായി തീരുകയാണ്. മഴ പെയ്താൽ കുറ്റ്യാടി ടൗണിൽ ആദ്യമായി വെള്ളക്കെട്ട് അനുഭവപെടുന്നതും ഈ ഭാഗത്താണ്. ഓവ് ചാൽ തുറന്ന് കിടക്കുന്നതിനാൽ കാൽനട സഞ്ചാരികൾക്ക് ഈ വഴി നടന്ന് പോകാനും കഴിയുന്നില്ല. ഇത് മൂലം യാത്രക്കാർ റോഡിലേക്ക് ഇറങ്ങി സഞ്ചരിക്കുന്നത് അപകട സാദ്ധ്യത കൂട്ടുകയാണ്. തൊട്ടിൽ പാലം, വയനാട് ഭാഗങ്ങളിലേക്ക് ക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും കുറ്റ്യാടിയിൽ നിന്ന് കായക്കൊടി ഉൾപെടെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് പോകുന്ന ജീപ്പ് സർവീസുകൾ നിർത്തിയിടുന്നതും ഈ ഓവുചാലിനോട് ചേർന്ന ഭാഗത്താണ്.
വെള്ളക്കെട്ട് കാരണം പ്രദേശമാകെ കൊതുക് ശല്ല്യവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കുറ്റ്യാടി ടൗൺ നവീകരണത്തിന്റെ ഭാഗമായി തൊട്ടിൽ പാലം റോഡിലെ ഒരു ഭാഗത്ത് നടക്കുന്ന ഓവുചാൽ നിർമ്മാണ പ്രവർത്തനവും മാസങ്ങളായി മന്ദഗതിയിലാണ്. കേരളകൗമുദി പ്രശ്നം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങൾ നിരന്തരമായി ഇടപെടുന്ന ഈ മേഖലയിടെ പ്രശ്നം പരിഹരിക്കാനാവുമോ എന്നതാണ് ജനങ്ങങ്ങൾ നിരന്തരം ചോദിക്കുന്നത്.