കാട്ടാനയുടെ അക്രമണം വീടുകൾക്ക് നേരെയും

സുൽത്താൻ ബത്തേരി : വടക്കനാട് പണയമ്പം പ്രദേശത്ത് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതിന് പുറമേ വീടുകൾക്ക് നേരെയും അക്രമണം തുടരുകയാണ്.

കഴിഞ്ഞ ദിവസം പണയമ്പത്തെ കുഞ്ഞുലക്ഷ്മിയുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട് ഭാഗികമായി നശിക്കുകയും ചെയ്തു. ശ്രീനിലയം ദാമോദരന്റെ വീടും കാട്ടാന നശിപ്പിക്കുകയുണ്ടായി.വടക്കനാട്-പള്ളിവയൽ പണയമ്പം ഭാഗങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടാന ശല്യം തുടർന്ന് വരുകയാണ്.പ്രകൃതിദത്ത പഴങ്ങളായ ചക്കയും മാങ്ങയും പഴുത്തതോടെ ഇത് ഭക്ഷ്യക്കുന്നതിനായിട്ടാണ് കാട്ടാനകൾ കൂട്ടമായി എത്തുന്നത്. കൃഷിയിടത്തിലേക്ക് കടക്കുന്ന ആനകളെ പിൻതിരിപ്പിച്ച് കാട്ടിലേക്ക് തന്നെ ഓടിച്ച് വിടാൻ നോക്കിയാൽ ഇപ്പോൾ ആളുകളെ ആക്രമിക്കുകയാണ്. നേരത്തെ ഒച്ചയുണ്ടാക്കി ആനയെ ഓടിച്ചാൽ ആന തിരിച്ച് പോകുമായിരുന്നു. കൃഷി നശിപ്പിക്കുന്ന ആനയെ പിൻതിരിപ്പിക്കുന്നതിനായി വീടിന്റെ വരാന്തയിലിരുന്ന് ഒച്ചവെച്ചപ്പോഴാണ് ആന ലക്ഷ്മിക്കുനേരെ പാഞ്ഞടുക്കുകയും വീടിന് സമീപത്ത് നിന്ന കമുക് വീട്ടിലേക്ക് കുത്തി മറിച്ചിട്ടത്. ദാമോദരന്റെ വീടിന് നേരെയും ആന മരം മറിച്ചിടുകയുണ്ടായി. രാത്രിയായാൽ വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് പ്രദേശത്തുകാർ.

പ്രതിരോധ മാർഗങ്ങൾ ശക്തമാക്കണം

മഴക്കാലം തുടങ്ങിയതോടെ ഉൾവനങ്ങളിലുള്ള ആനയും മറ്റും തുറസായ സ്ഥലങ്ങളിലേക്കും കർഷകരുടെ കൃഷിയിടത്തിലേക്കും എത്താൻ തുടങ്ങി . കൃഷിയിടത്തിൽ എത്തുന്ന ആനകൾ ആക്രമകാരികളായി മാറാൻ തുടങ്ങിയതോടെ ജനങ്ങളും ഭീതിയിലായിരിക്കുകയാണ്. വന്യമൃഗങ്ങൾ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാൻ വനാതിർത്തിയിൽ നിർമ്മിച്ച കിടങ്ങുകളും വൈദ്യുത വേലികളുമെല്ലാം അറ്റകുറ്റപ്പണി നടത്താത്തതിനാൽ നശിച്ച് കിടക്കുകയാണ്. ഇടിഞ്ഞു നികന്ന് പോയ കിടങ്ങുകളിലൂടെയും പൊട്ടിക്കിടക്കുന്ന വേലികളിലൂടെയുമാണ് ആന ജനവാസകേന്ദ്രത്തിലേക്ക് എത്തുന്നത്. ഇത് കൃത്യമായി അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ ഒരു പരിധിവരെയെങ്കിലും വന്യമൃഗശല്യം തടയാമായിരുന്നു.