അത്തോളി: ഭക്ഷ്യ പൊതുവിതരണ രംഗത്ത് മികച്ച പ്രവർത്തനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. അത്തോളി പഞ്ചായത്ത് കൂമുള്ളി വായനശാല കെട്ടിടത്തിൽ സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളായി നമ്മുടെ മാവേലി സ്റ്റോറുകൾ മാറിയെന്നും മന്ത്രി പറഞ്ഞു. സച്ചിൻ ദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ, ഗ്രാമപ്പഞ്ചായത്ത് അം​ഗം ബൈജു കൂമുള്ളി, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സുനീഷ് നടുവിലയിൽ, സപ്ലൈകോ കോഴിക്കോട് മേഖലാ മാനേജർ എൻ. രഘുനാഥ്, സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജർ പി. ഫൈസൽ സംസാരിച്ചു. സപ്ലൈകോ ജീവനക്കാർക്കും കുടുംബാം​ഗങ്ങൾക്കുമായി നടത്തിയ കാലമത്സര ‌വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.