കോഴിക്കോട്: ആവിക്കൽതോട് മലിനജല സംസ്കരണ പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരെ അവഹേളിക്കുംവിധം പ്രസ്താവന നടത്തിയ ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദിനെതിരെ പ്രതിഷേധം ശക്തമാക്കി സമരക്കാർ.
ഗാന്ധിറോഡ് മിൽമ സെന്റർ ഉദ്ഘാടനത്തിനെത്തിയ ഡെപ്യൂട്ടി മേയർക്കെതിരെ ആവിക്കൽ ജനകീയ സമരസമിതി പ്രവർത്തകർ പ്രകടനമായെത്തി പ്രതിഷേധിച്ചു. സമരക്കാരെ പൊലീസ്
തടഞ്ഞതോടെ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടർന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാർ ആവിക്കലിലേക്ക് പോയി. സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ജീവിക്കാൻ സമരം ചെയ്യുന്നവരാണ് ആവിക്കലിലുള്ളവരെന്നും അതിനെ അവഹേളിക്കുന്ന ഡെപ്യൂട്ടി മേയറുടെ നിലപാട് ശരിയല്ലെന്നും സമരക്കാർ പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് സമരം പൊളിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നേതാക്കളായ ഇർഫാൻ ഹബീബ്, മുനീർ മരയ്ക്കാർ, തൽഹത്ത് വെള്ളയിൽ എന്നിവർ പ്രസംഗിച്ചു.