വടകര: നാടു മുഴുവൻ പനിയിൽ വിറക്കുമ്പോഴും പൊതുസ്ഥലങ്ങളിലെ മാലിന് നിക്ഷേപത്തിന് അറുതിയില്ല. ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി കച്ചേരി മൈതാനിയോടു ചേർന്നുള്ള സ്ഥലത്ത് മാലിന്യം തള്ളുന്നത് വീണ്ടും പതിവായിരിക്കുകയാണ്. ഇത് സമീപത്തെ താമസക്കാർക്കും കച്ചവടക്കാർക്കും ഒരു പോലെ ഭീഷണിയാകുകയാണ്. പകർച്ചപ്പനികൾ പടരുന്നതിനിടയിൽ മാലിന്യം മറ്റ് രോഗങ്ങൾക്ക് കാരണമാകുമോ എന്ന ഭീതിയിലാണ് സമീപവാസികൾ. ഒരു ഘട്ടത്തിൽ ഇവിടെ കുന്നുകൂടിക്കിടന്ന മാലിന്യം പഞ്ചായത്ത് ഇടപെട്ട് നീക്കുകയും ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്ന് ബോർഡ് വയ്ക്കുകയും ചെയ്തിരുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം മഴ തുടങ്ങിയതോടെ കച്ചേരി മൈതാനിയിൽ പഞ്ചായത്ത് സ്ഥാപിച്ച ബോർഡിന് സമീപം തന്നെയാണ് വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത്.