മിനിമം 10 രൂപയാക്കണം
മുക്കം: ഒരേ ദൂരത്തിന് വ്യത്യസ്ത ചാർജ്ജുകൾ നൽകി വട്ടം കറങ്ങുകയാണ് മുക്കത്തുകാർ. മുക്കത്തു നിന്ന് രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള മുരിങ്ങംപുറായി ബസ് സ്റ്റോപ്പിലേക്കാണ് വിവിധ ബസുകൾ വ്യത്യസ്ത ചാർജുകൾ ഈടാക്കുന്നത്. കോഴിക്കോട് - മുക്കം - കൂടരഞ്ഞി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ മുക്കത്തുനിന്ന് മുരിങ്ങമ്പുറായിലേക്ക് പതിമൂന്നു രൂപ ഈടാക്കുമ്പോൾ തേക്കുംകുറ്റിയിലേക്ക് പോകുന്ന ബസിൽ സഞ്ചരിക്കുന്നവർ ഈ സ്റ്റോപ്പിലേക്ക് 10 രൂപ നൽകിയാൽ മതി. കൊവിഡ് വ്യാപനം ആരംഭിക്കുന്നതിന് മുമ്പ് അന്നത്തെ മിനിമം ചാർജായ എട്ടു രൂപയാണ് എല്ലാ ബസുകളും വാങ്ങിയിരുന്നത്. കൊവിഡിൽ യാത്രക്കാർ കുറഞ്ഞതോടെ സർവിസ് നടത്തിയ ബസുകൾ എട്ടുരൂപയുടെ സ്ഥാനത്ത് താൽക്കാലികാശ്വാസമായി 10 രൂപ വാങ്ങിയിരുന്നു. എന്നാൽ ചില ബസുകൾ അന്നും എട്ടുരൂപയാണ് വാങ്ങിയിരുന്നത്. അടുത്ത കാലത്ത് ബസ് ചാർജ് വർദ്ധിപ്പിച്ചപ്പോളാണ് രണ്ടു ചാർജ് നിലവിൽ വന്നത്. ഈ അന്യായം അവസാനിപ്പിക്കണമെന്നും മുരിങ്ങംപുറായിലേക്കുള്ള ബസ് ചാർജ് മിനിയം ചാർജായ പത്തു രൂപയിൽ നിജപ്പെടുത്താൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശൃം. ഈ ആവശ്യമുന്നയിച്ച് മനുഷ്യാവകാശ സംരക്ഷണ സമിതി പ്രവർത്തകൻ സജി കള്ളികാട്ട് ജില്ല കളക്ടർക്ക് പരാതി നൽകി.