takkur
കോഴിക്കോട് വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ സംഘടിപ്പിച്ച കായിക താരങ്ങളെ ആദരിക്കൽ ചടങ്ങിനെത്തിയ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ കായിക താരങ്ങളായ കുട്ടികളുമായി സംവദിക്കുന്നു

കോഴിക്കോട് : 2028- 2032 ഓടെ ലോകത്തിലെ പത്ത് മികച്ച മെഡൽ നേട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. കോഴിക്കോട്ടെ സായ് സ്‌പോർട്‌സ് സെന്റർ ഇന്റർ നാഷണൽ മത്സര ഇനങ്ങളിൽ മെഡൽ നേടിയവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക ഇനങ്ങളെയും കായിക താരങ്ങളെയും തിരിച്ചറിയുന്നതിന് താഴെത്തട്ടിൽ നിന്ന് തന്നെ ശരിയായ പരിസ്ഥിതി സൃഷ്ടിച്ചെടുക്കുകയാണ് ഖേലോ ഇന്ത്യയിലൂടെ പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നല്ല കോച്ച്, മികച്ച സൗകര്യങ്ങൾ എന്നിവ ഒരുക്കിയാൽ താഴെത്തട്ടിൽ നിന്ന് കായിക താരങ്ങളെ ഉയർത്തി കൊണ്ടുവരാൻ സാധിക്കും. ഇതുവഴി ഇന്ത്യയ്ക്ക് പല മത്സര ഇനങ്ങളിലും മെഡൽ നേട്ടം വർദ്ധിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ് അദ്ധ്യക്ഷനായി. സായ് ദക്ഷിണേന്ത്യൻ ഡയറക്ടറും തിരുവനന്തപുരം എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലുമായ ഡോ. ജി. കിഷോർ, പി.ടി ഉഷ, ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാലൻ എന്നിവർ സംബന്ധിച്ചു. പി.ടി ഉഷ, ജോബി മാത്യൂ, ഇബ്രഹിം ചീനിക്ക, കെ.പി. സേതുമാധവൻ, പ്രേംനാഥ് ഫിലിപ്പ്, ജോസ് ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടോം ജോസഫ് തുടങ്ങിയ 30ലേറെ താരങ്ങളെ മന്ത്രി ആദരിച്ചു.