കോഴിക്കോട് : സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (സായ്)യുടെ കോഴിക്കോട് സെന്ററിലെ പ്രശ്‌നങ്ങൾ പഠിക്കുമെന്ന് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഉറപ്പ്. പരിശീലകരുടെ ക്ഷാമം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പ്യന്മാരായ കെ.ടി ഇർഫാനെയും നോഹ നിർമൽ ടോമിനെയും അർജുന അവാർഡ് ജേതാവ് ടോം ജോസഫിനെയും പോലുള്ളവരെ വളർത്തിയെടുത്ത സെന്റർ രാജ്യത്തിന്റെ അഭിമാനമാണ്. ഒളിമ്പ്യൻ അബ്ദുറഹ്മാനെയും ജിമ്മി ജോർജിനെയും അദ്ദേഹം അനുസ്മരിച്ചു.
കളിക്കാരുടെ സെലക്ഷനിൽ സംസ്ഥാന അസോസിയേഷനുകൾ സത്യസന്ധത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
സായ് സെന്ററിൽ കളിക്കാരുമായി സംവദിക്കാനെത്തിയ കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കുർ പ്രശ്നങ്ങൾ വിശദമായി കേട്ടു. കളരിപ്പയറ്റും ഫെൻസിംഗ് കണ്ടശേഷം ഏറെ നേരം താരങ്ങളുമായി അദ്ദേഹം സംസാരിച്ചു. വോളിബാൾ ഫെഡറേഷന് അംഗീകാരം നഷ്ടമായതിനാൽ മത്സരങ്ങൾ നേരിട്ട് നടത്താൻ കായിക മന്ത്രാലയം ഇടപെടണമെന്ന ആവശ്യം ഉയർന്നു. കുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനായി കരിക്കുലം പുതുക്കാൻ നടപടി വേണമെന്ന് കളരിപ്പയറ്റ് ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസിൽ മത്സരയിനമാക്കണമെന്നും ആവശ്യപ്പെട്ടു. കായികതാരങ്ങൾക്ക് ജോലിന് നൽകണമെന്നും കായിക ഫെഡറേഷനുകളുടെ പ്രവർത്തനം നിരീക്ഷിക്കണമെന്നും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.