കോഴിക്കോട്: കോടഞ്ചേരിയിലെ നാരങ്ങത്തോട് പതങ്കയത്ത് വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ടു കാണാതായി. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്‌നി മുബാറക് (18)ആണ് ഒഴുക്കിൽപ്പെട്ടത്. കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടം കാണാൻ കൂട്ടുകാർക്കൊപ്പം എത്തിയതായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം.
പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തിരച്ചിൽ നടത്താനായില്ല. ഇന്നലെ പെയ്ത കനത്തമഴയിൽ പുതുപ്പാടിയിൽ വാർഡ് ആറിൽ പുഞ്ചേരിമട്ടം രവിചന്ദ്രന്റെ വീടും വാർഡ് പത്തിൽ പള്ളിക്കുന്ന് കൃഷ്ണന്റെ വീടും തകർന്നു. കിഴക്കോത്തു വില്ലേജിൽ വടക്കെ പുരയിൽ അനിയുടെ വീടിന് മുകളിൽ തെങ്ങ് വീണു. ഉണ്ണിക്കുളത്ത് സമദ് വള്ളിയോത്തിന്റെ വീടിനുമുകളിൽ മരം വീണ് ഭാഗിക നാശമുണ്ടായി. രാരോത്ത് വില്ലേജിൽ സറീന പുല്ലോറക്കുന്നുമ്മൽ എന്നവരുടെ വീടിനു മുകളിൽ മണ്ണിടിഞ് നാശനഷ്ടമുണ്ടായി.