കൊയിലാണ്ടി: മഴ പെയ്തതോടെ താലൂക്ക് ഹോമിയോ ആശുപത്രി റോഡ് തോടായി. ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾക്ക് വെള്ളക്കെട്ട് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. വെള്ളക്കെട്ടിലൂടെ സഞ്ചരിക്കുന്ന രോഗികൾ ഇരു ഭാഗത്തുമുള്ള ചെറിയ ഡ്രൈയ്നേജ് കാണാതെ വീണ് അപകടം സംഭവിക്കാനും സാദ്ധ്യതയുണ്ട്. പല ഭാഗത്തു നിന്നും ഒലിച്ചു വരുന്ന വെള്ളത്തിന് തടസ്സമില്ലാതെ ഒഴുകി പോകാൻ വലിയ ഡ്രൈയ്നേജ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പനി പടർന്നു പിടിച്ചതോടെ ആശുപത്രിയിലെത്തുന്നരോഗികളുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുന്നൂറോളം രോഗികൾ ആശുപത്രിയിൽ ചികിത്സയ്ക്കു എത്തിയിരുന്നു. രോഗികളുമായി എത്തുന്ന ഓട്ടോറിക്ഷകൾ മുത്താമ്പി റോഡ് വരെയേ എത്തുകയുള്ളൂ. അവിടെ നിന്ന് ആശുപത്രിയിലേക്ക് ഇരുനൂറ് മീറ്ററോളം വെള്ളത്തിലൂടെയാണ് രോഗികളുടെ യാത്ര. അതോടൊപ്പം ആശുപത്രിയിൽ നാല് ഡോക്ടർമാർ ഉണ്ടെങ്കിലും പരിശോധനാ മുറികൾ ഇല്ലാത്തതും പ്രയാസം സൃഷ്ടിക്കുകയാണ്. ആശുപത്രിയി ൽ സ്ഥിരമായി വരുന്ന പല വയോജനങ്ങളും വെള്ളക്കെട്ട് കാരണം എത്താതിരിക്കുന്ന അവസ്ഥയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് പറഞ്ഞു. പുതിയ ഡ്രൈയ്നേജ് നിർമ്മിക്കാൻ ഫണ്ട് അനുവദിക്കണമെന്നാണ് വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തു കണ്ടി ആവശ്യപ്പെടുന്നത്.