കോഴിക്കോട്: വെള്ളയിൽ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിന് 1.07കോടി രൂപയുടെ ഭരണാനുമതി നൽകിയതായും നിർമ്മാണം ഏറ്റെടുക്കാൻ പൊലീസ് ഹൗസിംഗ് കൺസ്ട്രക്‌ഷൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
സ്ഥല പരിശോധന, മണ്ണ് പരിശോധന തുടങ്ങിയ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നിർമാണ ചുമതല അംഗീകൃത ഏജൻസിയായ വാപ്‌കോസിനെ ഏൽപ്പിച്ചുവെങ്കിലും പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് നിർവാഹമില്ലെന്ന് കമ്പനി അറിയിച്ചെന്നും തോട്ടത്തിൽ രവീന്ദ്രന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
നടക്കാവ്, എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തീരപ്രദേശങ്ങൾ ചേർത്ത് 2007 ഒക്ടോബർ എട്ടിനാണ് വെള്ളയിൽ പൊലീസ് സ്റ്റേഷൻ ,ആരംഭിക്കുന്നത്. ഇപ്പോൾ ഫിഷറീസ് വകുപ്പിന്റെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ലോക്ക്അപ്പോ മറ്റ് സൗകര്യങ്ങളോ ഇല്ല. ലോക്കപ്പ് ഇല്ലാത്തത് കസ്റ്റഡിയിലെടുത്ത പ്രതികളെ സുരക്ഷിതമായി പാർപ്പിക്കുന്നതിൽ ഒട്ടേറെ വിഷമങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴുള്ള പൊലീസ് സ്റ്റേഷന്റെ തൊട്ടുപിറകിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇതോടെ പൊലീസ് സ്റ്റേഷനുകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സാധിക്കും.