mazha
mazha

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. നഗര- ഗ്രാമപ്രദേശങ്ങളിലും മലയോരത്തുമെല്ലാം മഴ കനത്തു. പുഴകളിലെല്ലാം വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. മഴക്കെടുതിയിൽ ജില്ലയിൽ 13 വീടുകൾ ഭാഗികമായി തകർന്നു. കരുവൻതിരുത്തിയിൽ ആമ്പിയൻസ് ഓഡിറ്റോറിയത്തിനടുത്ത് ബഡേരി മുഹമ്മദ് ബഷീറിന്റെ വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞുവീണ് ഭാഗികമായി കേടുപാട് പറ്റി. റിപ്പോർട്ട് നഗരസഭാ സെക്രട്ടറിക്ക് കൈമാറി. കുമാരനെല്ലൂരിൽ ചൂരക്കട്ടിൽ സരോജിനിയുടെ വീടിനു മുകളിൽ തെങ്ങു വീണു. ആളപായമില്ല. മരം മുറിച്ചുമാറ്റി. തിനൂരിലെ മുള്ളമ്പത്ത് പാറവട്ടം ചന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് വീണു ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കാവിലുംപാറ വെട്ടിക്കുഴിയിൽ ജോസ്, ഞാറക്കാട്ടിൽ പുഷപരാജൻ എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണ് ഭാഗികമായി നാശനഷ്ടമുണ്ടായി.

കൊയിലാണ്ടിയിലെ കോട്ടൂരിൽ കുട്ടിക്കണ്ടി തങ്കമണിയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. കൂരാച്ചുണ്ടിൽ കുഴിപ്പള്ളി സുലോചനയുടെ വീടിനും മഴയിൽ ഭാഗിക തകരാർ സംഭവിച്ചു. കനത്ത മഴയെ തുടർന്ന് മരങ്ങൾ കടപുഴകി വീണ് കൊയിലാണ്ടി താലൂക്കിൽ മിക്ക ഇടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. എരവട്ടൂർ കൊഴുക്കൽ ഭാഗങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നു.

എരവട്ടൂർ വില്ലേജിലെ എടവരാട് തെയോത്ത് മീത്തൽ ദേവിയുടെ വീടിന് മുകളിൽ കവുങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കൊഴുക്കല്ലൂർ വില്ലേജിലെ മലയിൽവളപ്പിൽ ജയചന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് വീണു ഭാഗികമായി തകർന്നു.

തിരുവമ്പാടി: കാറ്റിലും മഴയിലും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് കുനിയപ്പറമ്പത്ത് ഇടത്തിൽ ഗോപിയുടെ ഓടുമേഞ്ഞ വീടാണ് ചൊവ്വാഴ്ച പുലർച്ചെ തകർന്നത്. കഴുക്കോലും പട്ടികയും ഓടുമെല്ലാം പൂർണമായും നശിച്ചനിലയിലാണ്.

കടൽക്ഷോഭം: തീരദേശവാസികൾ ആശങ്കയിൽ

വടകര:അഴിത്തല മുതൽ കുരിയാടി വരെയുള്ള തീരദേശ വാർഡുകളിൽ ഇനി ആശങ്കയുടെയും ഭീതിയുടെയും നാളുകൾ. ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങിയിട്ടുണ്ട്. കടൽഭിത്തി തകർന്ന സാന്റ്ബാങ്ക്‌സ് മുതൽ കുരിയാടി വരെയുള്ള ഭാഗങ്ങളിൽ നൂറിലേറെ കുടുംബങ്ങളാണ് കടൽക്ഷോഭത്തിന്റെ ഭീഷണിയിൽ കഴിയുന്നത്. കഴിഞ്ഞ വർഷത്തെ കടൽക്ഷോഭത്തിൽ പൂർണമായും ഭാഗികമായും തകർന്ന വീടുകൾ അധികാരികൾക്കു മുന്നിൽ നോക്കുകുത്തിയായി നിൽക്കുകയാണിപ്പോഴും.

തീരദേശത്ത് അഴിത്തല മുതൽ പൂഴിത്തല വരെയുള്ള പ്രദേശത്ത് കടൽഭിത്തി ശാക്തീകരണത്തിന് വർഷങ്ങളായി ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കുന്ന ജോലികൾ പതിവുപോലെ ഇത്തവണയും നടത്തിയിട്ടുണ്ട്. 64.50 കോടി രൂപയുടെ പദ്ധതിയിൽ വടകര നഗരസഭയിൽ ആകെ അനുവദിച്ചത് 1.12 ലക്ഷം രൂപയാണ്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് വടകര എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തീരദേശ വാർഡുകളിലെ ജനപ്രതിനിധികൾ പ്രതിഷേധം അറിയിച്ചിട്ടും നാളിതുവരെയായി യാതൊരു പരിഹാരവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കുരിയാടിയിലും മുകച്ചേരിയിലും പാണ്ടികശാല വളപ്പിലും തകർന്ന തീരദേശ റോഡുകൾ ഇതുവരെയും നന്നാക്കിയിട്ടില്ല. തീരദേശവാസികളുടെ പ്രതിഷേധങ്ങൾ നിരവധിയായി അധികാരികളിലെത്തിയിട്ടും കടൽഭിത്തി ശാക്തീകരണം ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.

കടൽഭിത്തി ശാക്തീകരണത്തിന് ശാസ്ത്രീയമായ രീതിയിൽ 250മീറ്റർ ഇടവേളകളിൽ കടലിലേക്ക് പുലിമുട്ട് നിർമിക്കുക വഴി മറ്റു സംസ്ഥാനങ്ങളെ അവലംബിച്ച് കടൽക്ഷോഭം തടയണമെന്നും വകുപ്പ് തലത്തിൽ ഇതിനായി തുക അനുവദിക്കുന്നതിന് മുന്തിയ പരിഗണന നൽകണമെന്നും നഗരസഭാ കൗൺസിലർ പി.വി.ഹാഷിമിന്റെ നേതൃത്വത്തിലുള്ള തീരദേശ വാസികൾ ആവശ്യപ്പെട്ടു.

തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്: കക്കയം ഡാമിൽ ബ്ലൂ അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിൽ ഓറഞ്ച് അലെർട്ട് നിലവിലുള്ളതിനാലും കുറ്റിയാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.

തിരുവളളൂർ, വില്യാപ്പളളി, ആയഞ്ചേരി, നാദാപുരം, കൂത്താളി, പേരാമ്പ്ര, ബാലുശ്ശേരി, പനങ്ങാട്, കൂരാച്ചുണ്ട്, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റിയാടി, മരുതോങ്കര, വേളം, ചങ്ങരോത്ത്, ചക്കിട്ടപ്പാറ എന്നീ 17 പഞ്ചായത്തുകളെ/ വില്ലേജുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.