കോഴിക്കോട് : വാഹന സംബന്ധമായ പിഴയൊടുക്കാൻ വരുന്നവർ ഏറെ നേരം നിൽക്കുന്ന കാഴ്ച ഇനി സിറ്റി പൊലീസ് കൺട്രാൾ റൂമിന് സമീപം കാണില്ല . പിഴയടയ്ക്കാൻ കാത്തിരിക്കുന്നവർക്ക് ഇരിപ്പിടം റെഡി. മെറ്റൽ ഷീറ്റ് കൊണ്ട് നിർമ്മിച്ച തണൽ കാത്തിരിപ്പ് ഇരിപ്പിടത്തിന് ചുറ്റും ഗാർഡനും ഒരുക്കിയിട്ടുണ്ട്. റോട്ടറി ക്ലബ്ബ് ഒഫ് കാലിക്കറ്റ് സൈബർ സിറ്റി 10 ദിവസം കൊണ്ട് 50,000 ചെലവഴിച്ചാണ് ഇരിപ്പിടംഒരുക്കിയത്.
ജില്ലാ പൊലീസ് അസോസിയേഷൻ ഭാരവാഹികളുടെ അഭ്യർത്ഥന പ്രകാരം സൈബർ സിറ്റി 2021-22 കാലത്തെ പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് തണൽ സന്ദർശക ഇരിപ്പിടം നിർമ്മിച്ചത്.
ഇരിപ്പിടം ഡെപ്യൂട്ടി കമ്മിഷണർ ആമോസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. സന്നാഫ് പാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മിഷണർമാരായ എം.സി. കുഞ്ഞി മൊയീൻ കുട്ടി, എ.ജെ. ജോൺസൺ ,ജില്ലാ പോലീസ് അസോസിയേഷൻ പ്രസിഡന്റ് പി.ആർ. രഗീഷ് , സെക്രട്ടറി വി.പി. പവിത്രൻ , സൈബർ സിറ്റി സെക്രട്ടറി കെ. നിതിൻ ബാബു, ഇലക്ട് പ്രസിഡന്റ് കെ.വി സവീഷ് എന്നിവർ പ്രസംഗിച്ചു.