മുക്കം: മുക്കം നഗരസഭ സംഘർഷത്തിലേക്ക്. നഗരസഭയുടെ കീഴിലുള്ള മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കെട്ടിടം നിർമ്മിക്കാൻ രാഹുൽ ഗാന്ധി എം.പി.ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ സ്വീകരിക്കാതിരുന്നതും ആശുപത്രി വളപ്പിൽ നിന്ന് വലിയൊരു മരം അജ്ഞാതർ മുറിച്ചുകടത്തിയതുമാണ് വിവാദത്തിന് കളമൊരുക്കിയത്.വിഷയത്തിൽ മുസ് ലിം ലീഗും കോൺഗ്രസും അടങ്ങുന്ന യു.ഡി.എഫും വെൽഫെയർ പാർട്ടിയും ബി.ജെ.പിയും നടത്തുന്ന പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ കഴിഞ്ഞ ദിവസം സി.എച്ച്.സി വളപ്പിൽ നിന്ന് 12 മരം ലേലം ചെയ്ത് വിൽക്കാനുള്ള നടപടി നിയമാനുസൃതമല്ലെന്നാരോപിച്ച് നഗരസഭ ഓഫീസിൽ പ്രതിപക്ഷം തടയുകയും ചെയ്തതോടെയാണ് പ്രശ്നം ഗുരുതരമായത്.
അതിനിടെ ആസൂത്രണ സമിതിയുടെ മിനുട്സ് ബുക്ക് കാണാതായെന്നാരോപിച്ച് ജീവനക്കാരെ തടയുകയും രണ്ടു ദിവസത്തിനു ശേഷം മിനുട്സിൽ കൃത്രിമം നടന്നെന്ന കുറ്റാരോപണമുയർത്തി സമരം നടത്തുകയും ചെയ്തു. ഇതോടെ നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ യു.ഡി.എഫും വെൽഫെയർ പാർട്ടിയും തുരങ്കം വയ്ക്കുന്നു എന്ന ഗുരുതരമായ ആരോപണവുമായാണ് ചെയർമാൻ രംഗത്തുവന്നത്.ഇതിന്റെ തുടർച്ചയായി ഇതേ ആരോപണമുന്നയിച്ച് പ്രതിപക്ഷത്തിനെതിരെ ഇന്ന് രാവിലെ 11 മുതൽ എൽ.ഡി.എഫ് കൺസിലർമാർ നഗരസഭ ഓഫീസ് പരിസരത്ത് ധർണ നടത്തുകയാണ്
33 അംഗസഭയിൽ എൽ.ഡി.എഫിനും വെൽഫെയർ പാർട്ടി യു.ഡി.എഫ് സഖ്യത്തിനും15വീതം അംഗങ്ങളാണുള്ളത്.ബി.ജെ.പി.ക്ക് രണ്ടംഗങ്ങളുമുണ്ട്.ഇതിനു പുറമെ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ഒരു യു.ഡി.എഫ് റിബലിന്റെ പിൻബലത്തിലാണ് എൽ.ഡി.എഫ് ഭരണം നടത്തുന്നത്.