@ കുറ്റ്യാടിയിൽ സംഭരണ കേന്ദ്രമില്ല
കുറ്റ്യാടി: കുറ്റ്യാടി തേങ്ങയെ സംഭരണ സംവിധാനത്തിൽ നിന്നും ഔട്ടാക്കുന്നു. ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങളില്ലാത്തതും ഉൽപാദനം കണക്കാക്കുന്നതിലെ അശാസ്ത്രീയതയും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. നാളീകേരസംഭരണത്തിനു വിപുലമായ സൗകര്യമൊരുക്കുമ്പോഴും കുറ്റ്യാടി തേങ്ങ സംഭരിക്കാനുള്ള സൗകര്യം വടകര താലൂക്കിൽ ഒരിടത്ത് മാത്രമാണുള്ളത്. വടകര റൂറൽ ബാങ്കിന്റെ കീഴിലാണ് ഈ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്.
കാവിലുംപാറ, കായക്കോടി, മരുതോങ്കര, നരിപ്പറ്റ, വാണിമേൽ, കുറ്റ്യാടി, വളയം, കുന്നുമ്മൽ, വേളം, പുറമേരി, ആയഞ്ചേരിയുമടങ്ങുന്ന മലയോര പഞ്ചായത്തുകളിലെ നാളികേര കർഷകർ പച്ചതേങ്ങ വിൽപനക്കായി ഒരുദിവസം മു ഴുവൻ ചെലവഴിക്കേണ്ടിവരുന്ന സാഹചര്യമാണ്. നിലവിലുള്ള സംഭരണകേന്ദ്രങ്ങളിലെത്തിച്ചേരാൻ ഇത്രയേറെ സമയം ചെലവഴിക്കേണ്ടി വരുന്നുവെന്നത് നാളീകേരകർഷകർക്ക് കടുത്ത സാമ്പത്തിക നഷ്ടത്തിനിടയാക്കുകയാണ്. ഇതൊഴിവാക്കാൻ സംഭരണവിലയേക്കാൾ 10 രൂപ വരെ വില കുറച്ച് തേങ്ങ വിറ്റൊഴിവാക്കേണ്ട ഗതികേടിലാണിപ്പോൾ കർഷകർ. കുറ്റ്യാടി മരുതോ കര ഭാഗങ്ങളിൽ നിന്നും ആയിരം തേങ്ങയുമായി വടകര എത്തണമെങ്കിൽ ചുരുങ്ങിയത് എണ്ണൂറിലധികം രൂപ കർഷകർക്ക് ചെലവാകും. ഇതിലും നല്ലത് തൊട്ടടുത്ത കടകളിലോ വെളിച്ചണ്ണമില്ലുകളിലോ നാളീകേരം നൽകുന്നതാണ് സമയലാഭവും പണ ലാഭവുമെന്നാണ് ഉൾനാടൻ പ്രദേശങ്ങളിലെ നാളീകേര കർഷകർ പറയുന്നത്.
കോഴിക്കോട് ജില്ലയിൽ മറ്റ് സംഭരണ കേന്ദ്രങ്ങളായ മുക്കം, കൊടിയത്തൂർ, കുന്ദമംഗലം, മാവൂർ, വെള്ളന്നൂർ, തിരു വമ്പാടി, കാക്കൂർ, കൂടരഞ്ഞി, തലക്കുളത്തൂർ എന്നിവിടങ്ങളിലും നടുവണ്ണൂരിലെ കേര ഫാക്ടറിയിലുമാണ് നിലവിൽ പച്ചതേങ്ങ സംഭരണം നടക്കുന്നത്. കിലോഗ്രാമിന് വിപണി വിലയേക്കാൾ 7–8 രൂപ അധികം ലഭിക്കുമെങ്കിലും പലപ്പോഴും സംഭരണകേന്ദ്രങ്ങളിൽ തേങ്ങയെത്തിക്കാനുള്ള വാഹനവാടക ഇതിലേറെ വരും.
ഉത്പാദനച്ചെലവ് കൂടിയതും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാട്ടുമൃഗങ്ങളുടെ ശല്യവും മൂലം വലഞ്ഞിരുന്ന കർഷകർക്ക് അൽപ്പം ആശ്വാസമാകുമെന്നു കരുതിയിരുന്ന പച്ചത്തേങ്ങ സംഭരണത്തിന്റെ ഗുണം ലഭിക്കാത്തത് വലിയ തോതിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
@ ജില്ലയിലെ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ
മുക്കം
കൊടിയത്തൂർ
കുന്ദമംഗലം
മാവൂർ
വെള്ളന്നൂർ
തിരു വമ്പാടി
കാക്കൂർ
കൂടരഞ്ഞി
തലക്കുളത്തൂർ
കേര ഫാക്ടറി-നടുവണ്ണൂർ
" നാട്ടിലെ നാളികേര കർഷകരുടെ സ്ഥിതി ഏറെ പരിതാപകരമാണ്. നാളികേരം എന്ത് ചെയ്യണമെന്ന വേവലാതിയിലാണ് "
ധനജ്ഞയൻ കെ. മൊയിലോത്തറ, മരുതോങ്കര