കോഴിക്കോട്: പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും ഈ സീസണിലേക്കുള്ള വിഞാപനമായി. നെല്ല്, വാഴ, കവുങ്ങ്. ജാതി, കൊക്കോ, മഞ്ഞൾ, കുരുമുളക്, പച്ചക്കറികൾ( പയർ,പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട,പച്ചമുളക്) എന്നിവയുമാണ് ജില്ലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനമാക്കി സർക്കാർ സമർപ്പിക്കുന്ന വിളവിന്റെ ഡാറ്റ അനുസരിച്ച് വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ മൂലം ഉണ്ടാകുന്ന തീപിടിത്തം, മേഘവിസ്‌ഫോടനം എന്നിവ മൂലമുള്ള വിള നാശങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. പദ്ധതിയിൽ ഓരോ പഞ്ചായത്തിനും വിജ്ഞാപനം ചെയ്തിട്ടുള്ള കാലാവസ്ഥാ നിലയത്തിൽ ഇൻഷുറൻസ് കാലയളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥ ഡാറ്റ അനുസരിച്ചും, വെള്ളപ്പൊക്കം, കാറ്റ് ( വാഴ. കവുങ്ങ്. കൊക്കോ. ജാതി, കുരുമുളക് എന്നീ വിളകൾക്ക് മാത്രം ) ഉരുൾപൊട്ടൽ എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും.
ഓരോ ഇൻഷുറൻസ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. പദ്ധതിയിൽ ചേരേണ്ട അവസാന തീയതി ഈ മാസം 31. കർഷകർക്ക് ഓൺലൈനായും (www.pmfby.gov.in), സി എസ് സി ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴിയും, ഇൻഷുറൻസ് ബ്രോക്കർ പ്രതിനിധികൾ, മൈക്രോ ഇൻഷുറൻസ് പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാം. വിഞ്ജാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരെ അതാത് ബാങ്കുകൾ പദ്ധതിയിൽ ചേർക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാറിന്റെ കോപ്പി, നികുതി രസീതിന്റെ കോപ്പി , ബാങ്ക് പാസ്ബുക്ക് കോപ്പി , പാട്ടത്തിന് കൃഷി ചെയ്യുന്ന കർഷകരാണ് എങ്കിൽ പാട്ടക്കരാർ കോപ്പി എന്നിവ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനിൽ നിന്ന് ലഭിക്കും.