കോഴിക്കോട് : വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടും താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികമാറ്റം അനുവദിച്ചില്ലെന്ന അദ്ധ്യാപികയുടെ പരാതിയിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് താമരശേരി ഡി.ഇ.ഒക്കാണ് ഉത്തരവ് നൽകിയത്. പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക സമർപ്പിച്ച പരാതിയിലാണ് നടപടി. 2011 ലാണ് അദ്ധ്യാപികയ്ക്ക് തസ്തിക മാറ്റത്തിന് സർക്കാർ അനുമതി നൽകിയത്. എച്ച്.എസ്.എ സോഷ്യൽ സയൻസ് അദ്ധ്യാപികയെ ഇംഗ്ലീഷ് അദ്ധ്യാപികയാക്കാനായിരുന്നു ഉത്തരവ്. ഡി ഇ ഒ ഇത് അംഗീകരിച്ചില്ല. 22 വർഷമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപികയെ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാൻ സ്‌കൂൾ അധികൃതർ നിർബന്ധിക്കുന്നതായും പരാതിയിൽ പറയുന്നു. ഇതും അന്വേഷിക്കണമെന്ന് ഉത്തരവിലുണ്ട്.