കോഴിക്കോട് : കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എം.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള നിലവിലെ അന്വേഷണ സംഘവും കേസന്വേഷണത്തിന്റെ ഭാഗമായി തുടരും. സമഗ്രാന്വേഷണവും വേഗതയും ലക്ഷ്യമിട്ടാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ അനിൽ ശ്രീനിവാസ് അന്വേഷണത്തിന് നേതൃത്വം നൽകും. കേസ് പൂർണമായി വിജിലൻസിന് കൈമാറിയാൽ കാലതാമസമുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജിലൻസ് പരിശോധനയും ഇതോടൊപ്പം നടക്കും.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ നാല് പ്രതികളെയും പൊലീസ് കോടതിയിൽ ഹാജരാക്കി. ഇവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് ഫറോക്ക് അസി. കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഒരു കേസിൽ രണ്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥരെയും ഒരു വിരമിച്ച ഉദ്യോഗസ്ഥനെയും ഇടനിലക്കാരെയും കെട്ടിട ഉടമയെയും പിടികൂടിയിരുന്നു.
കൂടുതൽ കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ നമ്പർ കിട്ടിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കത്ത് നൽകിയത്. സഞ്ചയ സോഫ്റ്റ് വെയറിലെ ഉദ്യോഗസ്ഥരുടെ പാസ് വേഡ് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്.
@ ധർണാ സമരം പിൻവലിച്ച് ജീവനക്കാർ
മേയറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ ജീവനക്കാർ പിൻവലിച്ചു. അതേസമയം ഉച്ചയ്ക്കുള്ള പ്രതിഷേധപ്രകടനം തുടരും. പണിമുടക്കുൾപ്പടെയുള്ള സമരങ്ങളിൽ നിന്നും ജീവനക്കാർ പിന്മാറും. യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ തുടർ നടപടികൾ വേഗത്തിൽ സ്വീകരിക്കും.