മുക്കം: റെയിൽവേയിൽ ജോലി വാഗ്ദാനം ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്ന് പേർ മുക്കം പൊലീസ് പിടിയിൽ. തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ച അള്ളി വല്ലത്തായിപാറ മണ്ണാർ കണ്ടിയിൽ ഷിജു, ഷിജുവിന്റെ സഹോദരൻ സിജിൻ, എടപ്പാൾ മണ്ഡകപറമ്പിൽ ബാബു എന്നിവരെയാണ് വഞ്ചന കുറ്റത്തിന് മുക്കം പൊലിസ് അറസ്റ്റ് ചെയ്തത്. ഏഴര ലക്ഷം രൂപ നഷ്ടമായ മൂന്നുപേർ നൽകിയ പരാതിയിലാണ് ഇവർ പിടിയിലായത്. പ്രധാന പ്രതി മലപ്പുറം എടപ്പാൾ വട്ടംകുളം കവുപ്ര അശ്വതി വാരിയർ ഒളിവിലാണ്.മുക്കം ഇൻസ്പക്ടർ കെ. പ്രജീഷ്, എസ്.ഐ മാരായ സജിത്ത്, അനിൽ, സി.പി.ഒ റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

റെയിൽവെ റിക്രൂട്ട്മന്റ് ബോർഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയിൽ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ചിലർക്ക് സതേൺ റെയിൽവ ചെയർമാന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയിരുന്നു. ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയായിരുന്നു വ്യാജ റിക്രൂട്ട്മന്റ്. തുടക്കത്തിൽ 35,000 രൂപ വരെ പ്രതിഫലം നൽകി. ശമ്പളം കിട്ടുമെന്നായതോടെ പലരും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇതിന്റെ ഭാഗമാക്കി. തട്ടിപ്പ് സംഘത്തിന് കോടികൾ കൈവന്നതോടെ പ്രതിഫലം നൽകുന്നത് നിർത്തി മുങ്ങുകയായിരുന്നു. എസ് .സി മോർച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന എം.കെ. ഷിജുവായിരുന്നു പ്രധാന ഇടനിലക്കാരൻ. ഇയാൾ ഇന്ത്യൻ റെയിൽവെ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസിന്റെ ഫോട്ടോ ഉപയോഗപ്പെടുത്തിയാണ് കൂടുതൽ ആളുകളെ തട്ടിപ്പിനിരയാക്കിയത്. കൃഷ്ണദാസിനോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ച് ആളുകളുടെ വിശ്വാസം നേടുകയായിരുന്നു. തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി മലബാറിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതികളുണ്ട്. അറസ്റ്റിലായ പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.