news

കുറ്റ്യാടി: ഓവുചാലുകൾ വൃത്തിയാക്കാത്തതും, ചിലയിടങ്ങളിൽ ഓവുചാലില്ലാത്തതും മൂലം വെള്ളം സംസ്ഥാന പാതയിലൂടെ ഒഴുകുന്നത് ജനങ്ങൾക്ക് ദുരിതമാവുന്നു. മഴവെള്ളത്തോടൊപ്പം മണ്ണും കല്ലും ഒലിച്ചു വരുന്നത് വാഹന അപകടങ്ങൾ വർദ്ധിക്കുന്നതിന് വഴിയൊരുക്കുകായണ്. നരിപ്പറ്റ റോഡ്, കുളങ്ങരത്ത് എന്നിവിടങ്ങളിലാണ് റോഡിന്റെ ഒരു വശത്ത് കൂടി മണ്ണും വെള്ളവും, മാലിന്യങ്ങളും ഒലിച്ചെത്തുന്നത്. നിരവധി തവണ ഇരുചക്രവാഹനങ്ങൾ പാതയിൽ അപകടത്തിൽപ്പെട്ടിരുന്നു. ഗതാഗതം ദുഷ്ക്കരമാവുന്നതോടൊപ്പം വ്യാപാരികളും ദുരിതത്തിലാണ്. മഴക്കാലത്തിനു മുന്നോടിയായി ഓവുചാലുകൾ മണ്ണു നീക്കി വൃത്തിയാക്കുന്നത് മുടങ്ങുന്നതാണ് പ്രശ്നത്തിന് പ്രധാന കാരണം. കനത്ത മഴയിൽ ഓവുചാലിലെ മാലിന്യങ്ങളും മണ്ണും നിരത്തിലൂടെ സ്വകാര്യ വ്യക്തികളുടെ വീട്ടുമുറ്റത്തേക്കും, സമീപത്തെ പള്ളി വരാന്തയിലുമെല്ലാം ഒലിച്ചെത്തുകയാണ്.

കുളങ്ങരത്ത് ഡിവൈഡറിന് സമീപവും മണ്ണു നിറഞ്ഞ ഓവുചാൽ നീക്കിയിട്ടില്ല. മഴകനത്താൽ സംസ്ഥാന പാതയിലൂടെ വെള്ളവും മണ്ണും പരന്നൊഴുകുന്നത് ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമാവത്തതിനെ തുടർന്ന് നാട്ടുകാർ വൃത്തിയാക്കിയിരുന്നു. എന്നാൽ ഇത്തവണ മഴക്കാലപൂർവ്വ ശുചീകരണ ത്തിന്റെ ഭാഗമായിട്ടു പോലും ഓവുചാൽ വൃത്തിയാക്കത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. പനി ഭീതിക്കിടയിൽ മലിനജലം വീടുകളിലേക്കിറങ്ങി ചെല്ലുന്നത് ആശങ്ക കൂട്ടുകയാണ്.