img20220707

മുക്കം:റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ വട്ടക്കുളം കാവുമ്പ്ര അശ്വതി വാര്യരാണ് കോയമ്പത്തൂരിൽ നിന്ന് മുക്കം പൊലീസിന്റെ പിടിയിലായത്. മറ്റു പ്രതികളായ അള്ളി വല്ലത്തായ്പാറ മണ്ണാർകണ്ടിയിൽ എം.കെ.ഷിജു (39), ഷിജുവിന്റെ സഹോദരൻ ഷിജിൻ (32) , എടപ്പാൾ വട്ടക്കുളം മണ്ടകപറമ്പിൽ ബാബുമോൻ (39) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി താമരശ്ശേരി കോടതിയിൽഹാജരാക്കിയിരുന്നു. ഇവർ റിമാന്റിലാണ്. തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവരിൽ പ്രധാനി കഴിഞ്ഞ ദിവസം പിടിയിലായ എം.കെ.ഷിജുവാണ്. ഏഴര ലക്ഷം രൂപ നഷ്ടമായ മൂന്നുപേർ നൽകിയ പരാതിയിലാണ് മുക്കം ഇൻസ്പക്ടർ കെ. പ്രജീഷ്, എസ്.ഐ മാരായ സജിത്ത്, അനിൽ, സി.പി.ഒ റഷീദ് എന്നിവരടങ്ങിയ സംഘം പ്രതികളെ പിടികൂടിയത്. റെയിൽവേ റിക്രൂട്ട്മന്റ് ബോർഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയിൽ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.