കൽപ്പറ്റ: ജില്ലയിൽ മഴ കനത്തതോടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ ഭരണകൂടം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കാലവർഷ പ്രതിരോധ പ്രവർത്തനങ്ങളിൽ റവന്യൂ, തൊഴിൽ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപ്പിലാക്കേണ്ട ക്രമീകരണങ്ങളും നടപടികളും സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.

ദുരന്ത സാഹചര്യത്തിൽ പൊതു ഏകോപനത്തിന്റെയും, ദുരിതാശ്വാസത്തിന്റെയും ക്യാമ്പ് നടത്തിപ്പിന്റെയും ചുമതല ലാൻഡ് റവന്യൂ വകുപ്പിനാണ്. താലൂക്ക് കേന്ദ്രങ്ങളിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഒഴിപ്പിക്കൽ, രക്ഷാ പ്രവർത്തനം തുടങ്ങിയവയ്ക്കായി വില്ലേജ് ഓഫീസർമാർ തദ്ദേശസ്വയംഭരണ സ്ഥാപനം, പൊലീസ്, അഗ്നിരക്ഷാ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കും. ദുരന്ത മുന്നറിയിപ്പ് പ്രദേശങ്ങളിൽ ജാഗ്രത പുലർത്താൻ ഇവർക്കെല്ലാം നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുരന്തസാധ്യത പ്രദേശത്ത് നിന്നുളള ഒഴിപ്പിക്കൽ പ്രക്രിയയിൽ ഓറഞ്ച് ബുക്കിൽ പ്രതിപാദിച്ചിട്ടുളളവർ ഉണ്ടെന്ന് ഉറപ്പാക്കും. സർക്കാർ നിർദ്ദേശം അനുസരിച്ച് ബന്ധു വീടുകളിലേക്ക് മാറി താമസിക്കുന്ന വ്യക്തികളുടെ വിവരവും ശേഖരിക്കും.

ഒഴിപ്പിക്കൽ, രക്ഷാ പ്രവർത്തനം
തദ്ദേശ സ്ഥാപനങ്ങൾക്ക് ചുമതല

ദുരന്ത സാധ്യത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കൽ, രക്ഷാ പ്രവർത്തനം എന്നിവ തദ്ദേശ സ്ഥാപനപരിധിയിൽ ഏകോപിപ്പിക്കുന്ന ചുമതല തദ്ദേശ സ്ഥാപന മേധാവിക്കാണ്. ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് ലാൻഡ് റവന്യൂ വകുപ്പിനോടൊപ്പം ഏകോപിപ്പിക്കണം. ഇതിനായി ഒരു ചാർജ്ജ് ഓഫീസറെ നിയോഗിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തിക്കണം. തദ്ദേശ സ്ഥാപനതലത്തിൽ ക്യാമ്പുകളും സജ്ജമാക്കുന്നതൊടൊപ്പം തദ്ദേശ സ്വയംഭരണ തലത്തിൽ രൂപീകരിച്ചിട്ടുള്ള എമർജൻസി റസ്‌പോൺസ് ടീം സജ്ജമാണെന്ന് ഉറപ്പ് വരുത്താനും ഉത്തരവിൽ നിർദ്ദേശമുണ്ട്.

വിദ്യാലയങ്ങളടെയും ആശുപത്രികളുടെയും കെട്ടിടങ്ങളുടെ ഉറപ്പ് തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം എഞ്ചിനീയറെ കൊണ്ട് പ്രാഥമിക പരിശോധന നടത്തി ഉറപ്പ് വരുത്തണം. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല. അപകടകരമായ സാഹചര്യത്തിലുള്ള പരസ്യ ഹോർഡിങ്ങുകൾ, കാലപ്പഴക്കം ചെന്ന വൈദ്യുതതൂണുകൾ തുടങ്ങിയവ യഥാസമയം മാറ്റണം.

കെട്ടി നിൽക്കുന്ന ജലവും പരിസരങ്ങളും ശുചീകരിക്കന്നതിനും, കൊതുക് നിവാരണത്തിലും, കുടിവെളള സ്രോതസ്സുകൾ അണുവിമുക്തമാക്കുന്നതിനും ആവശ്യമായ സാധനങ്ങളും, ഉപകരണങ്ങളും തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ കണ്ടെത്തേണ്ടതാണ്. വെള്ളപ്പൊക്ക ഭീഷണിയുള്ള പുഴയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

ലയങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം

തോട്ടം തൊഴിലാളികളുടെ വാസസ്ഥലങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും വിലയിരുത്താൻ ജില്ലാ കളക്ടർ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപന എഞ്ചിനീയറുടെ സഹായത്തോടെയാണ് തോട്ടങ്ങളിലെ ലയങ്ങളുടെ ഫിറ്റ്‌നെസ്സ് പരിശോധിക്കേണ്ടത്. ഫിറ്റ്‌നെസ്സ് ഇല്ലാത്ത ലയങ്ങളിൽ തൊഴിലാളികളെ താമസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഒറ്റപ്പെട്ട ലയങ്ങളോട് അടുത്ത് അടിയന്തിരമായി ക്യാമ്പുകൾ ആരംഭിക്കുവാൻ ആവശ്യമായ കെട്ടിടങ്ങൾ കണ്ടെത്തുകയും ആവശ്യമായ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതുമാണ്. പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ അടിസ്ഥാന വിവരങ്ങൾ അധികൃതരെ അറിയിക്കണം.