കോഴിക്കോട്: അറ്റകുറ്റപണികൾക്ക് ആനുകൂല്യം ലഭിക്കാതെ വീട് തകർന്ന സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കുടുംബത്തെ പുനരധിവസിപ്പിക്കണമെന്നും 29 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. താഴെ തിരുവമ്പാടി ആരോഗ്യ കേന്ദ്രത്തിന് സമീപം കുനിയിൽ പറമ്പത്ത് ഗോപിയുടെ വീടാണ് തകർന്നത്. പട്ടിക വിഭാഗത്തിലുളള 3 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ 3 വീടുകളുടെ അറ്റകുറ്റപണികൾ നടത്താൻ കമ്മിഷൻ ഏപ്രിൽ 30ന് കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിച്ചില്ല. തുടർന്നാണ് കനത്ത മഴയിലും കാറ്റിലും ഗോപിയുടെ വീട് തകർന്നത്.