തിരുനെല്ലി : വായ്പയെടുത്ത് കൃഷിചെയ്ത കർഷകന് ദുരിതം വിതച്ച് കാട്ടാനകൾ. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം പുളിമുട് കുന്നിലെ എം കെ മോഹനൻ, മണപ്പുറത്ത് ശിവദാസൻ, കാര്യമറ്റത്തിൽ കുഞ്ഞപ്പൻ, മൊളി ചെറുപറമ്പിൽ എന്നീ കർഷകരുടെ കൃഷിയിടത്തിലാണ് കാട്ടാനകൾ വ്യാപക നാശം വരുത്തിയത്.
ബാങ്ക് വായ്പയെടുത്തും സ്വർണ്ണം പണയം വെച്ചും നാട്ടുകാരോട് കടം വാങ്ങിയുമൊക്കെയാണ് 3 ഏക്കർ സ്ഥലത്ത് വിവിധ കൃഷികൾ ചെയ്തത്. കാപ്പി, തെങ്ങ്, കവുങ്ങ്, വാഴ, പ്ലാവ്, മാവ് എന്നിവയെല്ലാം കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൾ നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നാല് തവണയാണ് ഇവരുടെ കൃഷിയിടത്തിൽ ആന കയറി വൻ നാശനഷ്ടം വരുത്തിയത്.
ലക്ഷങ്ങൾ മുടക്കി കൃഷിയിടത്തിന് ചുറ്റും വൈദ്യുതി വേലികൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവ നശിപ്പിച്ചാണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തിയത്. പനവല്ലി വനാതിർത്ഥിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള മേലെ പുളിമുട്കുന്നിലാണ് കൃഷിയിടത്തിൽ കാട്ടാനകൾ എത്തിയത്. ഈ പ്രദേശങ്ങളിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ വൻ നാശനഷ്ടമാണ് വരുത്തിയത്. കഴിഞ്ഞവർഷവും ഈ സ്ഥലങ്ങളിൽ കാട്ടാന കൃഷി നശിപ്പിച്ചിരുന്നു.
ആന കാടിറങ്ങി വരുന്ന വനഭാഗത്തെ ഫെൻസിംഗും ട്രഞ്ചും നവീകരിക്കുകയും കാവൽ ശക്തമാക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് പുളിമൂട് നിവാസികൾ.