വടകര : ദേശീയ പാത വികസനത്തിനായി സ്ഥലവും വീടും വിട്ടു നൽകിയവർ പ്രതിസന്ധിയിൽ.
മുക്കാളി മുതൽ കുഞ്ഞിപ്പള്ളി വരെ റോഡിന് ഇരുവശത്തും ഉള്ളവർക്ക് സർവീസ് റോഡ് ഇല്ലാത്തത് ഇവർക്ക് തിരിട്ടടിയായിക്കൊണ്ടിരിക്കുകയാണ്. മുക്കാളിക്കും കുഞ്ഞിപ്പള്ളിക്കുമിടയിൽ ഇരു ഭാഗത്തും ടോൾ പ്ലാസ സ്ഥാപിക്കുന്നതാണ് സർവീസ് റോഡ് നഷ്ടപ്പെടാൻ കാരണമായത്. നിലവിൽ സർവീസ് റോഡില്ലെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വിശധീകരണം. ഇത് കാരണം ചോമ്പാല മിനി സ്റ്റേഡിയം,അഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, ചോമ്പാല പൊലീസ് സ്റ്റേഷൻ , വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മുക്കാളി കെ എസ് ഇ.ബി ഓഫിസ് ,ചോമ്പാല ബി.എസ്.എൻ.എൽ ഓഫീസ് , സ്കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കും വീട്ടുകാർക്കും, ഇട റോഡിൽ നിന്ന് വരുന്നവർക്കും മറ്റും യാത്ര തടസപ്പെടുന്ന സാഹചര്യമാണ്. ഇതിനിടെ സർവീസ് റോഡ് ഒഴിവാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കരാർ കമ്പനി ആരംഭിക്കുകയും ചെയ്തു.
നേരത്തെ കെ.കെ രമ എം.എൽ.എ യും കരാർ കമ്പനി അധികൃതരും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ചർച്ചക്കായി കുഞ്ഞിപ്പള്ളി ടൗണിൽ എത്തിയിരുന്നു. ഈ സമയത്ത് അഴിയൂർ പഞ്ചായത്തിൽ ഇരു ഭാഗത്തും സർവീസ് റോഡ് ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇപ്പോൾ നടക്കാത്ത സാഹചര്യമാണ്. സർവീസ് റോഡിനായി ജനപ്രതിനിധികൾ പ്രവർത്തിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.