മേപ്പാടി: മാനിവയലിൽ അടച്ചിട്ട വീട് കുത്തി തുറന്ന് 75 പവൻ സ്വർണാഭരണം മോഷ്ടിച്ചു. മാനിവയൽ വേണാട് ജേക്കബിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കൽപ്പറ്റ മേപ്പാടി റോഡിൽ മാനിവയലിൽ റോഡരികിൽ തന്നെയുള്ള ഇരുനില വീടാണ് കുത്തിത്തുറന്നത്. വീട്ടിൽ ആളില്ലാത്ത തക്കം നോക്കിയായിരുന്നു മോഷണം.
ജേക്കബും കുടുംബവും കോഴിക്കോട് ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ആറാം തീയതി കോഴിക്കോട് പോയ ഇവർ വ്യാഴാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. വീട്ടിലെത്തി മുൻവാതിൽ തുറക്കാൻ
കഴിയാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
കഴിഞ്ഞദിവസം ബാങ്ക് ലോക്കറിൽ നിന്ന് തിരിച്ചെടുത്ത 50 പവൻ സ്വർണാഭരണം ഉൾപ്പെടെ 75 പവൻ നഷ്ടമായി. 10,000 രൂപയിലേറെ പണവും മോഷണം പോയി.
5 അലമാരകളും മോഷ്ടാവ് കുത്തി തുറന്നിട്ടുണ്ട്. മേപ്പാടി സി ഐ എ.ബി.ബിബിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഒന്നിലധികം പേർ മോഷണത്തിന് പിന്നിൽ ഉണ്ടാകാമെന്നാണ് പൊലീസ് നിഗമനം.