കൽപ്പറ്റ: കൽപ്പറ്റ കൈനാട്ടിയിൽ ഓട്ടോമാറ്റിക് ട്രാഫിക് സിഗനൽ ലൈറ്റുകൾ ഇന്ന് മുതൽ തെളിയും. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ടായ 14 ലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്നൽ സ്ഥാപിച്ചത്. കെൽട്രോണിനായിരുന്നു നിർമ്മാണ ചുമതല.
ഇന്ന് വൈകുന്നേരം 3 മണിക്ക് ടി.സിദ്ദിഖ് എം.എൽ.എ കൈനാട്ടി ജംഗ്ഷനിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗനൽ ലൈറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് അദ്ധ്യക്ഷത വഹിക്കും.
കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്കും, ജില്ലാ ആസ്ഥാനമായ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി ഭാഗങ്ങളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ദിവസവും കൈനാട്ടി ജംഗ്ഷനിലെത്തുന്നത്. പലപ്പോഴും ഇവിടെ ഗതാഗതകുരുക്ക് ഉണ്ടാവാറുണ്ട്. ബത്തേരി ഭാഗത്തേക്കുള്ള ബസ് വെയിറ്റിംഗ് ഷെഡ് നേരത്തെ നഗരസഭ മാറ്റി സ്ഥാപിച്ചിരുന്നു. ഇതോടെ കൈനാട്ടി ജംഗ്ഷനിലെ ആൾക്കൂട്ടവും ഗതാഗത തടസ്സവും ഇല്ലാതെയായി.
കൽപ്പറ്റ, ബത്തേരി, മാനന്തവാടി ഭാഗങ്ങളിലേക്ക് ഓട്ടോമാറ്റിക് സിഗനൽ ലൈറ്റുകൾ തെളിയും. വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കി ഓട്ടോമാറ്റിക് സംവിധാനത്തിന്റെ സമയക്രമീകരണം നടപ്പാക്കിയാണ് ട്രാഫിക് സിഗ്നൽ യാഥാർത്ഥ്യമാവുന്നത്.
കൽപ്പറ്റയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ട്രാഫിക് ജംഗ്ഷൻ, പിണങ്ങോട് ജംഗ്ഷൻ എന്നിവിടങ്ങളിൽ നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ഓട്ടോമാറ്റിക് സിഗ്നൽ ലൈറ്റുകൾ ഘട്ടംഘട്ടമായി സ്ഥാപിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ പറഞ്ഞു.