news
ആനയെ പേടിച്ച് ഓടി കയ്യാലയിൽ നിന്നും വീണ് പരിക്കേറ്റ ബാബു.

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ കാരി മുണ്ട ഭാഗത്ത് ഇന്നലെ രാവിലെ കാടിറങ്ങി എത്തിയ കാട്ടാനയുടെ മുന്നിൽ അകപെട്ട കർഷകൻ രക്ഷപ്പെട്ടത് തലനാരിഴവ്യത്യാസത്തിൽ. കാരി മുണ്ടയിലെ വി.കെ ബാബുവാണ് ഒറ്റയാനിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്. കുടിവെള്ള പൈപ്പ് നേരെയാക്കാൻ പോയ സമയത്താണ് ആന ഇദ്ദേഹത്തിന്റെ മുന്നിലെത്തിയത്. വെപ്രാളത്തിൽ തൊട്ടടുത്ത കയ്യാലയിൽ നിന്നും താഴേയ്ക്ക് എടുത്ത് ചാടിയ ബാബുവിന്റെ കാലിന് സാരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. മാസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശത്തെ തെങ്ങ്, കവുങ്ങ്, റബ്ബർ, കശുമാവ് തുടങ്ങിയ വിളകൾ കാട്ടാനകൾ ചവിട്ടിമെതിച്ചും പിഴുതെറിഞ്ഞും നശിപ്പിക്കുകയാണ്. വനം വകുപ്പ് അധികാരികൾ ശക്തമായ നടപടികൾ കൈകൊള്ളണമെന്നാണ് നാട്ടുകാർ പറയുന്നത്.