താമരശ്ശേരി: സ്വകാര്യവ്യക്തിയുടെ വീടിന്റെ മതിലിടിഞ്ഞുവീണ് നാശം നേരിട്ട കട്ടിപ്പാറ സീതി സാഹിബ് മെമ്മോറിയൽ യു.പി സ്‌കൂളിൽ നവീകരണ പ്രവൃത്തി തുടങ്ങി. തകർന്നു വീണ മതിൽ നിൽക്കുന്ന വീട്ടുടമയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഇന്നലെ രാവിലെ സ്‌കൂളിൽ ചേർന്ന സംയുക്തയോഗത്തിന്റെ തീരുമാനപ്രകാരമാണ് ഉത്തരവാദിയായ ആൾ തന്നെ സ്‌കൂൾ പൂർവസ്ഥിതിയിലാക്കാമെന്ന ഉറപ്പിൻമേൽ നിർമാണ പ്രവൃത്തി തുടങ്ങിയതെന്ന് താമരശ്ശേരി തഹസിൽദാർ സി.സുബൈർ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സ്‌കൂളിനുമുകളിലേക്ക് സമീപത്തെ മതിലിടിഞ്ഞുവീണത്. ശബ്ദംകേട്ടപ്പോൾ ഓടി രക്ഷപ്പെട്ടതിനാൽ കുട്ടികൾക്കാർക്കും പരിക്കു പറ്റിയില്ല. പുതുതുതായി നവീകരിച്ച സ്‌കൂളിന്റെ ചുമരുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. കുട്ടികൾ ഭക്ഷണം കഴിക്കുന്ന സമയമായതിനാൽ അധികം കുട്ടികൾ ക്ലാസ് മുറികളിൽ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന കുട്ടികൾ മതിലിടിയുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ജനാലകൾ പൊട്ടുകയും ചുമരിലെ കട്ടകൾ ക്ലാസ് റൂമിനകത്ത് പതിക്കുകയും ചെയ്തു. ക്ലാസ്‌റൂമുകൾക്ക് നാശം സംഭവിച്ച സാഹചര്യത്തിൽ ഇന്നലെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇന്നലെ നടന്ന യോഗത്തിലാണ് സ്‌കൂൾ പൂർവ സ്ഥിതിയിലാക്കുമെന്നും കെട്ടുറപ്പുള്ള മതിൽ നിർമിക്കുമെന്നുമുള്ള ഉറപ്പിൽ നാട്ടുകാരും അധികൃതരും ഒത്തുതീർപ്പിലെത്തിയത്.