@ ലഹരിയുടെ ഉറവിടം ബംഗളൂരു, ഗോവ, ഡെൽഹി
കോഴിക്കോട്: ജില്ലയിൽ മയക്കുമരുന്ന് സംഘം പിടിമുറുക്കുന്നു. ടറഫുകൾ, ലഹരി വിമുക്തി കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവ താവളമാക്കിയാണ് പ്രധാനമായും വിൽപ്പന. വിദ്യാർത്ഥികളെ ലക്ഷ്യമാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് സംഘത്തിന്റെ നീക്കങ്ങൾ. കോഴിക്കോട് ഗവ.ബീച്ച് ആശുപത്രിയിലെ ലഹരി മോചന കേന്ദ്രത്തിൽ ലഹരി എത്തിച്ച ഒരാളെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ടറഫുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽക്കുന്നയാൾ പന്നിയങ്കരയിൽ പിടിയിലായതും ഈ അടുത്ത ദിവസം.
മെത്താംഫെറ്റമിൻ എന്ന ലഹരി മരുന്നാണ് ജില്ലയിൽ കൂടുതലായും എത്തുന്നത്. എം.ഡി.എം.എയേക്കാൾ എളുപ്പമാണ് മെത്താംഫെറ്റമിൻ എന്നതിനാലാണ് ലഹരി മാഫിയ ഇതിൽ കേന്ദ്രീകരിക്കാൻ കാരണം. ഇന്ത്യയിലെത്തിയ വിസാ കാലാവധി കഴിഞ്ഞ നൈജീരിയക്കാർ ബാഗളൂരു, ഗോവ, ഡെൽഹി കേന്ദ്രീകരിച്ച് ഇതുണ്ടാക്കുന്നുവെന്നാണ് എക്സൈസിന് ലഭിച്ച വിവരം. പ്രത്യക്ഷത്തിൽ വരാത്ത ഈ സംഘം പല വഴിയിലൂടെയാണ് മെത്താംഫെറ്റമിൻ നമ്മുടെ നാട്ടിലെത്തിക്കുന്നത്. രണ്ടുമാസം മുമ്പ് ഷോപ്പിംഗ് മാളിലെ ക്ലോക്ക് റൂമിൽ ലഹരിമരുന്ന് വച്ച് ടോക്കൺ കീ മറ്റൊരാൾക്ക് കൈമാറുന്നതിനിടെ ഒരു നൈജീരിയക്കാരൻ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം ലഹരി പിടിച്ചത് ചാർജറിന്റെ കവറിലാണ്. ടോയ് ഗണിനുള്ളിൽ, പാക്കറ്റ് ജ്യൂസിന്റെ അടിഭാഗം മുറിച്ച് അതിനുള്ളിൽ ലഹരി നിറച്ചും സാധാരണ പരിശോധനകളിൽ കണ്ടെത്താനാവാത്ത രീതിയിലാണ് പാക്കിംഗ്.
മെത്താംഫെറ്റമിൻ ഗ്രാമിന് 3000 രൂപ നിരക്കിലാണ് ഈ സംഘം വിൽക്കുന്നത്. എന്നാൽ വിദ്യാർത്ഥികൾക്ക് 500 രൂപയ്ക്ക് നൽകുന്ന പായ്ക്കുകളുമുണ്ടെന്ന് അടുത്തിടെ പിടിച്ചയാളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞു. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായാണ് പലരും ലഹരി വിൽപ്പന സ്വീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന ഒരാൾക്ക് പതിനായിരം രൂപയും ചെലവുമാണ് പ്രതിഫലം. പരസ്പരം അറിയാത്തവരായതിനാൽ മാഫിയാസംഘത്തിന്റെ കണ്ണികളെ കണ്ടെത്താനും പ്രയാസമാണ്. വിദ്യാർത്ഥികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം വർദ്ധിച്ചതോടെ ഓൺലൈനായി സാധനം എത്തിക്കുന്ന സംഘവും സജീവമാണ്.
# ആസൂത്രീതമായി ചെയ്യുന്ന ലഹരി മാഫിയകളുണ്ട്. കുട്ടികളെ കേന്ദ്രീകരിച്ച് ചെറിയ വിലയ്ക്ക് വരെ വിൽക്കുന്നു. എക്സൈസിന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഡൽഹിയിലടക്കം അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.
വി.ആർ.ദേവദാസ്, എസ്.ഐ, എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആൻഡി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് .
# ഇതൊരു ചെയിനാണ്. ഉപയോഗിക്കുന്നവരിൽ ഏതെങ്കിലും ഒരു കണ്ണിക്കാകാം വിൽക്കുന്നവരുമായി ബന്ധം. എല്ലായിടത്തും മയക്കുമരുന്ന് സംഘങ്ങളുണ്ട്. രാത്രിയുടെ മറവിൽ നടത്താമെന്നത് കൊണ്ടാകാം ടറഫ് കേന്ദ്രീകരിച്ചും വിൽപ്പന. സ്കൂൾ, കോളേജ് വിടുന്ന സമയമടക്കം മഫ്തിയിലും നൈറ്റ് പട്രോളിംഗിലുമായി പലയിടത്തും പൊലീസിനെ വിന്യസിച്ച് നിരീക്ഷിക്കുന്നുണ്ട്. മുരളീധരൻ, എസ്.ഐ, പന്നിയങ്കര പൊലീസ്.