kunnamangalam-news
കുന്ദമംഗലം അങ്ങാടിയിൽ ഫുട് പാത്ത് നിർമ്മിച്ചിട്ടില്ലാത്തിടത്തെ അനധികൃത വാഹനപാർക്കിംഗ് .

കുന്ദമംഗലം: ഫൂട്ട് പാത്തുകളില്ല കുന്ദമംഗലം അങ്ങാടിയിലെ യാത്ര ദുരിതമാകുന്നു. അങ്ങാടിയിലെ പലയിടങ്ങളിലും ഫൂട് പാത്ത് നിർമ്മിച്ചിട്ടില്ല. ഏറ്റവും തിരക്കുള്ള ഭാഗമായ മുക്കം റോഡ് ജംഗ്ഷനിൽ വയനാട് റോഡ് ദേശീയ പാതയുടെ ഇടത് ഭാഗത്ത് 'മുപ്പത് മീറ്ററോളം നീളത്തിലാണ് ഫൂട്ട് പാത്തില്ലാത്തത്. ഇത് മൂലം സ്ക്കൂൾ വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർ ദേശീയപാതയിലേക്ക് ഇറങ്ങിനടക്കേണ്ട സാഹചര്യമാണ്. ഇത് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. മാത്രമല്ല ഇവിടെ അനധികൃത വാഹന പാർക്കിംഗും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

രണ്ടു ധനകാര്യ സ്ഥാപനങ്ങളും സൂപ്പർ മാർക്കറ്റും ഒരു വലിയ ഹോട്ടലും പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുൻവശത്താണ് അനധികൃത വാഹന പാർക്കിംഗ് കൂടുതലായിട്ടുള്ളത്. മുക്കം റോഡിൽ ഇടത് ഭാഗത്തും ഫുട് പാത്ത് നിർമ്മിച്ചിട്ടില്ല. മത്സ്യമാർക്കറ്റും ഒട്ടനവധി ഹോൾസെയിൽ കച്ചവടസ്ഥാപനങ്ങളുമുള്ള മുക്കംറോഡ് കുന്ദമംഗലം അങ്ങാടിയുടെ മറ്റൊരു തിരക്കുള്ള ഭാഗമാണ്. അനധികൃത പാർക്കിംഗ് കാരണം ഇവിടെയും എപ്പോഴും ഗതാഗതക്കുരുക്കുണ്ടാവുക പതിവാണ്. അങ്ങാടിയുടെ മദ്ധ്യഭാഗത്തുള്ളത്പോലെ ഫുട് പാത്തും ബാരിക്കേഡുകളും മുഴുവൻ സ്ഥലങ്ങളിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.