വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനമില്ല
കൽപ്പറ്റ: ദേശീയപാത മുട്ടിൽ മുതൽ കൊളഗപ്പാറ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥയാണ്. ഈ ഭാഗത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സംവിധാനങ്ങളില്ല.
ഏതാനും വർഷങ്ങൾക്കിടെ നിരവധി ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്. വീതി കൂടിയതും നിരപ്പായതുമായ റോഡ് ആയതിനാൽ ചില വാഹനങ്ങൾ അമിതവേഗതയിലാണ് വരുന്നത്.
ഇന്റർ സെപ്ക്ട്രമും, ഹൈവേ പൊലിസും, ആർ.ടി.ഒയും മാറി മാറി റോഡിൽ വാഹന പരശോധന നടത്താറുണ്ടെങ്കിലും അപകടങ്ങൾക്ക് ഒരു കുറവുമില്ല. കൊളഗപ്പാറ, പാതിരിപ്പാലം, കൃഷ്ണഗിരി, ചില്ലിംഗ് പ്ലാന്റ്, കുട്ടിരായിൻ പാലം, വാര്യാട്, മുട്ടിൽ തുടങ്ങി നിരവധി ഇടങ്ങളിലാണ് അപകടങ്ങൾ പതിവാകുന്നത്.
റോഡിലേക്ക് കാടുകയറിയും, കാലപ്പഴക്കം ചെന്ന മുന്നറിയിപ്പ് ബോർഡുകളുമാണ് ഇവിടങ്ങളിൽ ഉള്ളത്. കൊളഗപ്പാറ ഉജാല സ്റ്റോപ്പിന് സമീപമുള്ള ഒരു ഡിവൈഡർ ഒഴിച്ച് നിർത്തിയാൽ മറ്റെവിടെയും വേഗത നിയന്ത്രണ സംവിധാനമില്ല. അപകടത്തിൽ പെടുന്ന ഭൂരിഭാഗം വാഹനങ്ങളിലെ യാത്രക്കാരും ഇതര ജില്ലക്കാരാണ്. റോഡിന്റെ സ്വഭാവവും അപകട സാധ്യതയും മനസ്സിലാക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം.
രാത്രികാലങ്ങളിലും പുലർച്ചെയും ഈ ഭാഗത്ത് പൊലീസിന്റെ നിരീക്ഷണ സംവിധാനം ഇല്ല. കോടികൾ ചെലവഴിച്ച നാട്ടിൽ ആകെ ക്യാമറകൾ സ്ഥാപിച്ച മോട്ടോർ വാഹന വകുപ്പ് ഈ ഭാഗത്ത് ഒരു ക്യാമറ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുതന്നെ പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയുമില്ല.