പുൽപ്പള്ളി: ശനിയാഴ്ച രാവിലെ തന്നെ കേട്ട വാർത്ത മരക്കടവ് ഡിപ്പോ നിവാസികളെ മരവിപ്പിക്കുന്നതായിരുന്നു. ഇവിടത്തെ കറ്റുവെട്ടിയിൽ വിനോദിന്റെയും പ്രവിതയുടെയും മകനാണ് വാര്യാടുണ്ടായ കാറപകടത്തിൽ മരണപ്പെട്ട അനന്തു (20). കബനിഗിരി ക്ഷീരോത്പാദക സംഹകരണ സംഘത്തിലെ പാൽ അളവുകാരിയായ പ്രവിത രാവിലെ ഏഴരയോടെയാണ് മകന്റെ വേർപാടറിഞ്ഞത്. വിവരമറിഞ്ഞ അവർ ബോധരഹിതയായി. വയറിംഗ് തൊഴിലാളിയായ വിനോദ് കൽപ്പറ്റ ആശുപത്രിയിലെത്തിയപ്പോൾ കണ്ടത് ചേതനയറ്റ മകനെ. ബന്ധുക്കൾക്കും നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയങ്കരനായിരുന്നു അനന്തു. ചിത്രകലയിലും സിനിമ മേഖലയിലും തത്പരനായിരുന്ന അനന്തു കോയമ്പത്തൂർ നെഹറു ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാം വർഷ ബി.എസ്‌സി വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർത്ഥിയായിരുന്നു. വലിയ സാമ്പത്തിക സ്ഥിതിയൊന്നുമില്ലാത്ത മാതാപിതാക്കൾ വളരെ കഷ്ടപ്പെട്ടാണ് അനന്തുവിനെയും തൊടുപുഴയിൽ സിവിൽ ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന നന്ദനയേയും പഠിപ്പിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സഹപാഠികൾ അനന്തുവിന്റെ വീട്ടിൽ എത്തിയത്. വയനാട് കാണുകയായിരുന്നു ലക്ഷ്യം. വെള്ളിയാഴ്ച രാത്രി ആറുപേരും അനന്തുവിന്റെ വീട്ടിൽ കഴിഞ്ഞു. ശനിയാഴ്ച പുലർച്ചെ കുറുമ്പാലക്കോട്ട പോകാനായിരുന്നു പരിപാടി. അനന്തവിനുണ്ടായിരുന്ന കാറിലായിരുന്നു യാത്ര. എന്നാൽ ശാരീരിക അസ്വസ്ഥത തോന്നിയ നന്ദു കൃഷ്ണക്ക് ഇവരോടൊപ്പം പോകാൻ കഴിഞ്ഞില്ല. മിഥുനും യദുകൃഷ്ണയും അനന്തുവും അപകടത്തിൽ മരിക്കുകയും യാദവും പ്രവാസും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തു.
സുഹൃത്തുക്കളുടെ ദുരന്തമറിഞ്ഞ നന്ദു കൃഷ്ണയെ അസുഖം വർദ്ധിച്ചതിനെ തുടർന്ന് പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. ഇപ്പോൾ അനന്തുവിന്റെ വീട്ടിൽ തന്നെയാണുള്ളത്. കാര്യങ്ങൾ ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലാണ് നന്ദു കൃഷ്ണ. അനന്തുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.