വൈത്തിരി: വൈത്തിരി സ്വദേശി തെക്കേയിൽ സുരേഷ് ബാബു (49) വിന്റെ മരണം ചികിത്സാ പിഴവ് കാരണമാണെന്ന് കുടുംബവും നാട്ടുകാരും പരാതിപ്പെട്ടു. കഴിഞ്ഞ മാസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കാലിന് കമ്പിയിട്ടിരുന്നു. ഇത് നീക്കം ചെയ്യുന്നതിന് കൽപ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു സുരേഷ് ബാബു. ശസ്ത്രക്രിയയെ തുടർന്ന് ഒരു അനക്കവും ഇല്ലാത്ത സ്ഥിതിയായി. 25ന് ആശുപത്രി അധികൃതർ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും അവിടെ എത്തിയപ്പോൾ മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രിയിൽ നിന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും എട്ടാം തീയതി കാലത്ത് മരണപ്പെടുകയും ചെയ്തു. ശസ്ത്രക്രിയ സമയത്തെ ഗുരുതരമായ പിഴവാണ് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും നിരാലംബരായ ആ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സി.പി.എം വൈത്തിരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.