@ 10 വീടുകൾ ഭാഗികമായി തകർന്നു
@ വ്യാപക കൃഷി നാശം
@ വീട്ടു മതിൽ ഇടിഞ്ഞു
പലയിടത്തും വെള്ളക്കെട്ട്
മരംവീണ് ഗതാഗതം സ്തംഭിച്ചു
കോഴിക്കോട്: ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നു, വ്യാപക നാശം. കാറ്റിലും മഴയിലും പത്ത് വീടുകൾ ഭാഗികമായി തകർന്നു. വടകരയിൽ ഒരു വീടിനും കൊയിലാണ്ടിയിൽ ഒമ്പത് വീടുകൾക്കുമാണ് നാശനഷ്ടമുണ്ടായത്.
വിയ്യൂർ കൊല്ലത്ത് ലിബ്ര ഹൗസിൽ ശശി എസ് നായരുടെ വീട് ഭാഗികമായി തകർന്നു. കൊഴുക്കല്ലൂരിൽ കൊടക്കാട്ട് മീത്തൽ ചന്ദ്രന്റെ വീടിന് പിന്നിൽ മണ്ണിടിഞ്ഞു. അപകട സാദ്ധ്യത കണക്കിലെടുത്ത് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.
ചോറോട് കുരിക്കിലാട് തടത്തിൽ നാണുവിന്റെ വീടിനും ഓട്ടോറിക്ഷയ്ക്കും മുകളിൽ തെങ്ങുവീണു. നരിപ്പറ്റയിൽ വെങ്ങക്കണ്ടി നാരായണിയുടെ വീട് ഭാഗികമായി തകർന്നു. കുന്നുമ്മലിൽ വണ്ണത്താം വീട്ടിൽ ചന്ദ്രന്റെ വീട്ടിൽ വെള്ളം കയറി. വീടിന്റെ വരാന്തവരെ വെള്ളം കയറിയതിനാൽ മാറ്റി താമസിപ്പിച്ചു. പഴങ്കാവ് നാലാം വാർഡിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് വീട്ടുകാർ താമസം മാറ്റി.
കൃഷി നാശം, മതിൽ ഇടിഞ്ഞു
കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്തിൽ കനത്ത മഴയിൽ വ്യാപക കൃഷി നാശം. കുന്നുമ്മൽ തോടിന്റെ മാണിക്കോത്ത് താഴെ ഭാഗത്ത് 250ഓളം വാഴകൾ വെള്ളത്തിലായി. കടത്തനാടൻകല്ലിലെ പാലയുള്ള പറമ്പത്ത് രാജന്റെ വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞു വീണു. പാറച്ചാലിൽ അന്ത്രു ഹാജി, ചേണ്ടികണ്ടി പോക്കർ ഹാജി, കോറോത്ത് മുനീർ, മാണിക്കോത്ത് നിസാർ എന്നിവരുടെ കൃഷിയാണ് നശിച്ചത്. നീർത്തട വികസന ഫണ്ട് വിനിയോഗത്തിലെ അശാസ്ത്രീയതയാണ് തോട് കരകവിഞ്ഞ് പ്രദേശവാസികൾ ദുരിതത്തിലാകാൻ കാരണമായതെന്ന് കർഷകർ ആരോപിച്ചു.
പേരാമ്പ്ര: കിഴക്കൻ മലയോരത്ത് മഴ കനത്ത് പെയ്യുകയാണ്. പേരാമ്പ്ര ടൗൺ, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ, ചെമ്പനോട, പൂഴിത്തോട്, കൂരാച്ചുണ്ട്, പൂവത്തും ചോല തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ നാലു ദിവസങ്ങളായി ചോരാത്ത മഴയാണ്. ഇതോടെ താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. പലയിടത്തും വെള്ളക്കെട്ട് കൃഷിയെ ബാധിച്ചു. തൊഴിലുറപ്പ് തൊഴിവും തടസപ്പെട്ടു. അര മീറ്ററോളം ഉയരത്തിൽ ചെളിവെള്ളം കെട്ടി നിന്ന ചെറുവണ്ണൂർ കൃഷിഭവൻ പരിസരത്ത് യാത്രാസൗകര്യത്തിനായി പാലം നിർമ്മിച്ചു. ശക്തമായ മഴയിൽ വൈദ്യുതി തടസപ്പെട്ടതിനാൽ നിർമ്മാണ പ്രവൃത്തികൾ മുടങ്ങി. വോൾട്ടേജിന്റെ ഏറ്റക്കുറച്ചിൽ കാരണം പല വൈദ്യുത ഉപകരണങ്ങളും കേടുവരുന്നതായി പരാതി ഉയർന്നു . വൈദ്യുതി തടസം വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിച്ചു. വൈദ്യുതി തകരാർ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മരം വീണ് ഗതാഗതം സ്തംഭിച്ചു
അത്തോളി: പാവങ്ങാട് ഉള്ളിയേരി സംസ്ഥാനപാതയിൽ കൊടശ്ശേരി കുന്നിനു സമീപം മരം റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരംവീണത്. വാർഡ് മെമ്പർ വാസവൻ പൊയിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ മരംമുറിച്ചു നീക്കിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു. അത്തോളി പൊലീസും സ്ഥലത്തെത്തി.
കക്കയം ഡാമിന്റെ രണ്ട് ഷട്ടറും
45 സെന്റിമീറ്റർ വീതം ഉയർത്തി
കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകളും 45 സെന്റിമീറ്റർ വീതം ഉയർത്തി. 75 ക്യുമെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. റെഡ് അലർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുറ്റ്യാടി പുഴയിൽ ഒന്നര അടി വരെ ജലനിരപ്പ് ഉയരും. പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.