കൽപ്പറ്റ: ബൈപ്പാസ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും കരാറുകാരനെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്ത വാർത്ത പുറത്തുവന്ന ഉടനെ കൽപ്പറ്റ ബൈപ്പാസിൽ തിടുക്കത്തിലുള്ള കുഴിയടയ്ക്കലായിരുന്നു ഇന്നലെ. കനത്ത മഴ പെയ്യുമ്പോഴും വകവയ്ക്കാതെ കുഴികളിൽ കോൺക്രീറ്റ് നിറയ്ക്കുന്ന തിരക്കിലായിരുന്നു ജോലിക്കാർ. മഴവെള്ളത്തിൽ പകുതിയോളം കോൺക്രീറ്റ് മിശ്രിതം ഒഴുകിപ്പോവുകയും ചെയ്തു.
തിടുക്കത്തിലുള്ള കുഴിയടയ്ക്കലിനെതിരെ ഇതുവഴി വന്ന യാത്രക്കാർ പ്രതികരിച്ചെങ്കിലും അത് അവഗണിച്ച് പ്രവർത്തി തുടരുന്നതാണ് കണ്ടത്.
റോഡിലെ കുഴിയടയ്ക്കാൻ ആവശ്യത്തിന് സമയം ലഭിച്ചിട്ടും കടുത്ത നടപടി ഉണ്ടായശേഷം മഴയത്താണ് കുഴിയടയ്ക്കാൻ തുടങ്ങിയത്. മഴവെള്ളം കെട്ടിനിൽക്കുന്ന കുഴികളിലേക്ക് കോൺക്രീറ്റ് മിശ്രിതം നിക്ഷേപിക്കുകയാണ്. പൊതുമുതൽ ദുരുപയോഗം ചെയ്യുന്ന പ്രവർത്തിക്കെതിരെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.