കോഴിക്കോട് : സഹനത്തിന്റെയും ത്യാഗത്തിന്റേയും സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. കാലവർഷം കനത്തതിനാൽ പള്ളികളിൽ തന്നെയാണ് ഇത്തവണ പെരുന്നാൾ നമസ്കാരം. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് മുസ്ലീം മത പണ്ഡിതന്മാർ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞി മൗലവി, കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി, ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി, ജന.സെക്രട്ടറി ടി.കെ.അശ്‌റഫ്, കെ.എൻ.എം മർകസുദ്ദഅവ പ്രസിഡന്റ് ഡോ.ഇ.കെ.അഹമ്മദ്കുട്ടി, ജനറൽ സെക്രട്ടറി സി.പി.ഉമർസുല്ലമി, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽഅസീസ്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ തുടങ്ങിയവർ പെരുന്നാൾ സന്ദേശം നൽകി.