നാദാപുരം: ഓടകളിൽ ചെളി നിറഞ്ഞു, ഇരിങ്ങണ്ണൂർ ടൗണിലൂടെ യാത്ര ചെയ്യുന്നവർ ദുരിതത്തിൽ.
ടൗണിൽ റോഡിന്റെ ഇരുവശത്തുമുള്ള ഓടകൾ ചെളി നിറഞ്ഞതോടെ മഴവെള്ളം മുഴുവനായും റോഡിലൂടെയാണ് ഒഴുകുന്നത്. ഇതോടെ ഇതിലെ സഞ്ചരിക്കുന്നവർക്ക് ചെളിവെള്ളത്തിൽ കുളിക്കാതെ പോകാൻ കഴിയാത്ത സ്ഥിതിയാണ്.
വാഹനങ്ങൾ ഇതിലൂടെ പോകുമ്പോൾ ചെളി വെള്ളം യാത്രക്കാരുടെ ശരീരത്തിലും കടകൾക്കുള്ളിലും തെറിക്കുന്നത് നിത്യസംഭവമാണ്. ഇത് സംബന്ധിച്ച് വ്യാപാരികൾ പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ളവരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഇരു ഭാഗത്ത് നിന്നും വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കാൻ പോലും സൗകര്യമില്ലാതെ ഓവുപാലത്തിന് സമീപത്ത് ഗതാഗത തടസവും പതിവാണ്. ഇതു വഴി പോകുന്ന യാത്രക്കാർ അത്യന്തം ഭീതിയോടെയാണ് യാത്രചെയ്യുന്നത്. അധികൃതരുടെ സത്വരശ്രദ്ധ ഇക്കാര്യത്തിൽ ഇനിയെങ്കിലും ഉണ്ടായില്ലങ്കിൽ വൻ ദുരന്തമാണ് ഉണ്ടാവുകയെന്നാണ് വ്യാപാരികളും യാത്രക്കാരും പറയുന്നത്. ഇക്കാര്യം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയതായി എൽ.ജെ.ഡി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വത്സരാജ് മണലാട്ട് പറഞ്ഞു.
വിഷയം പി.ഡബ്ല്യു.ഡി എൻജിനിയറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പ്രശ്നം എത്രയും വേഗം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. - കെ.പി സലീന, വാർഡ് മെമ്പർ