കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വരുന്ന പയ്യാനക്കൽ പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. റോഡുകളിലും നടവഴികളിലും മാത്രമല്ല വീടുകളിൽ പോലും കൂട്ടമായി തെരുവ് നായകൾ എത്തുന്ന സാഹചര്യമാണ്. കുട്ടികളെ വീട്ടുമുറ്റത്തിറക്കാൻ പോലും വീട്ടുകാർ ഭയപ്പെടുകയാണ്. റോഡ് സൈഡിൽ പണി പൂർത്തിയാകാത്ത വീടുകളുടെ അകത്ത് കയറി ഇവ കൂട്ടമായി താമസമാക്കുകയാണ്. നിരവധി വീടുകളിൽ നിറുത്തിയിട്ട ടൂ വീലറിന്റെ സീറ്റ് കടിച്ച് കീറി നശിപ്പിച്ചതായും പലയിടത്തുനിന്നും പ്ലാസ്റ്റിക് വീട്ടുവളപ്പിൽ കൊണ്ടിടുന്നതായും പരാതിയുണ്ട്. പകലും രാത്രിയും കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ ഭയമാണ്. ഇരു ചക്ര വാഹനത്തിന് മുന്നിലേയ്ക്ക് ചാടി പലപ്പോഴുംയാത്രക്കാർക്ക് പരിക്കുണ്ടായിട്ടുണ്ട്. ഇരു ചക്രവാഹനങ്ങൾക്ക് പിന്നാലെ ഓടുന്നതും കാൽനടയായി പോകുന്ന ആളുകളെ ഓടിക്കുന്നതും സാധാരണ സംഭവമാകുകയാണ്. കഴിഞ്ഞയാഴ്ച പാലക്കാട് പേപ്പട്ടിയുടെ കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവം അറിഞ്ഞതോടെ വിദ്യാർത്ഥികളെ സ്കൂളിൽ അയക്കാനും രക്ഷിതാക്കൾക്ക് ഭയമാണ്. നിരവധി തവണ കോർപ്പറേഷനിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നായകളുടെ വന്ധീകരണത്തിനായി പിടികൂടാൻ അധികൃതർ എത്തിയിരുന്നെങ്കിലും പിടികൂടാനാവാതെ മടങ്ങി. വിഷയത്തിൽ കോർപ്പറേഷൻ ഉടൻ അടിയന്തരമായി പരിഹാരം കാണണമെന്ന് പയ്യാനക്കൽ പറവ റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് പി.വി.ഷംസുദീൻ ആവശ്യപ്പെട്ടു.