sachidanandan
കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടന്ന ചിന്ത രവീന്ദ്രൻ സ്മാരക പ്രഭാഷണം സാഹിത്യ അക്കാഡമി ചെയർമാൻ കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: സവർക്കറുടെയും ഗോൾവാൾക്കറുടെയും ചിന്താധാരകളുടെ അടിസ്ഥാനത്തിലുള്ള ആധുനിക ഹിന്ദുവാദം ജനാധിപത്യത്തിന് ദോഷകരമെന്ന് സാഹിത്യ അക്കാഡമി ചെയർമാൻ കെ.സച്ചിദാനന്ദൻ. ചിന്ത രവീന്ദ്രൻ സ്മാരക പ്രഭാഷണത്തിന്റെ ഭാഗമായി കെ.പി.കേശവമേനോൻ ഹാളിൽ 'ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയും വെല്ലുവിളികളും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഹിന്ദുവാദത്തെ മറികടക്കണമെങ്കിൽ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കണം. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടുകയാണ് ഈ കാലത്തെ പ്രധാന കർത്തവ്യം. സാംസ്‌കാരിക ബഹുസ്വരതയ്ക്കെതിരായ വെല്ലുവിളി ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണ്. രാജ്യത്തെ പല വിഭാഗങ്ങളെയും മാറ്റി നിർത്തിയുള്ള ഹിന്ദുത്വ അജണ്ടയാണ് ഭരണകൂടം നടപ്പിലാക്കുന്നത്. പണ്ട് ഹിന്ദു എന്നത് സിന്ധു നദിയുടെ തീരങ്ങളിൽ ജീവിച്ചിരുന്നവർ എന്ന അർത്ഥത്തിലായിരുന്നു. എല്ലാ മതങ്ങളെയും അവരുടെ ആശയങ്ങളെയും ഉൾകൊണ്ടിരുന്നതായിരുന്നു അന്നത്തെ ഹിന്ദു. ഒരു മതം എന്നനിലയിൽ ഹിന്ദുവിനെ മാറ്റുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷമാണെന്നും സച്ചിദാനനന്ദൻ പറഞ്ഞു.