നാദാപുരം: യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ കൂറ്റൻ മരം വീണു. യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. അരൂർ തണ്ണീർ പന്തൽ റോഡിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. പുറമേരി നിന്ന് മഹിളാ അസോസിയേഷൻ സമ്മേളനത്തിന് പോകുകയായിരുന്ന പുറമേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പ്രസീന കല്ലുള്ളിൽ, മഹിളാ അസോ. ഏരിയാ കമ്മറ്റി അംഗം മടപ്പള്ളി രമ, ഓട്ടോ ഡ്രൈവർ വെളുത്തപറമ്പത്ത് ബാബു എന്നിവരാണ് അത്ഭുകരമായി രക്ഷപ്പെട്ടത്. മരം വീഴുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ഓട്ടോ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയായിരുന്നു. നേരിയ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്. ഓട്ടോയ്ക്ക് കാര്യമായ തകരാർ പറ്റിയിട്ടില്ല. നാട്ടുകാരും ചേലക്കാട് നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് മരം മുറിച്ചു മാറ്റി. ഏറെ നേരം ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.